സംസ്ഥാന ബജറ്റും കാസര്‍കോട് ജില്ലയും

കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരളബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ക്ക് നല്‍കിയ പരിഗണനകള്‍ പരിശോധിക്കുമ്പോള്‍ കാസര്‍കോടിന്റെ കാര്യത്തില്‍ അതുണ്ടായോ എന്ന ചോദ്യം പൊതുവെ ഉയര്‍ന്നുവരുന്നുണ്ട്. കൊല്ലത്തും കൊട്ടാരക്കരയിലും പുതിയ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. കണ്ണൂരില്‍ ഐ.ടി പാര്‍ക്കിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയില്‍ ഐ.ടി പാര്‍ക്കിനായി മുമ്പേ ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഇത്തവണത്തെ ബജറ്റില്‍ കാസര്‍കോടിന്റെ ഐ.ടി പാര്‍ക്ക് സംബന്ധിച്ച് യാതൊരു പരാമര്‍ശവുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നത് ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം അല്‍പ്പം ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ബജറ്റിലും 17 കോടി രൂപ തന്നെയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ദുരിതബാധിതര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് വേണ്ടി മാത്രമുള്ള തുകയാണിത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മറ്റ് ആശ്വാസനടപടികള്‍ക്ക് പ്രത്യേക ഫണ്ടൊന്നും നീക്കിവെക്കാതിരുന്നത് നിരാശാജനകം തന്നെയാണ്. കാസര്‍കോട് വികസന പാക്കേജിന് ഇത്തവണയും 70 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും ഒരു പാട് പരാധീനതകള്‍ നേരിടുന്ന കാസര്‍കോടിന്റെ വികസനത്തിന് അനുവദിച്ച തുക വളരെ കുറഞ്ഞുപോയെന്നാണ് വിമര്‍ശനമുയരുന്നത്. കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളുടെ നേതൃനിരയിലേക്കുയര്‍ത്തുന്ന കര്‍മ്മ പദ്ധതികളിലൊന്നും കാസര്‍കോടില്ലെന്നത് ജില്ലയെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യമാണ്. ബജറ്റില്‍ പ്രഖ്യാപിച്ച നൂതന പദ്ധതികളില്‍ കാസര്‍കോട് ജില്ല ഉള്‍പ്പെട്ടിട്ടില്ല. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും മറ്റ് ജില്ലകള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണ് കാസര്‍കോടിന് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും ഇവിടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബജറ്റില്‍ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുമുണ്ടായില്ല. ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളേജ് മെച്ചപ്പെട്ട ചികിത്സാ സംവിധാനമില്ലാതെ ഇപ്പോഴും ബാലാരിഷ്ടതയില്‍ തന്നെയാണ്. കാസര്‍കോട് ഉള്‍പ്പെടെ 12 ചെറുതുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ഒരു വിഹിതം ലഭിക്കുമെന്നത് ചെറിയ ആശ്വാസമാണ്. പെരിയ എയര്‍സ്ട്രിപ്പിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എയര്‍ സ്ട്രിപ്പിന് വേണ്ടിയുള്ള നടപടികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്. പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം മൈലാട്ടിയില്‍ അടുത്തവര്‍ഷം സജ്ജമാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. ജില്ല, താലൂക്ക്, സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങാനുള്ള പ്രഖ്യാപനവും ആശ്വാസകരം തന്നെ. എന്നാല്‍ പിന്നോക്കാവസ്ഥയിലുള്ള ജില്ലക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതായിരുന്നുവെന്ന പൊതുവികാരം ശക്തമാണ്.