കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ വേണം

പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതി ആജീവനാന്തം ജയിലില്‍ കഴിയേണ്ടിവരുമെന്നതിനാല്‍ ഈ ശിക്ഷ കടുത്തത് തന്നെയാണ്. മാതൃകാപരവുമാണ്. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ബില്‍. പോക്സോ നിയമഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയതാണ്. ഭേദഗതികളോടെയുള്ള ബില്‍ ലോക്സഭയും പാസാക്കിയതോടെ ഈ നിയമപ്രകാരം കടുത്ത ശിക്ഷകള്‍ നല്‍കിവരികയാണ്. പോക്സോ നിയമം പൊതുജനങ്ങള്‍ക്കിടയില്‍ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിടുന്ന സ്‌കൂള്‍ അധിഷ്ഠിത ബാലലൈംഗിക ചൂഷണത്തിനെതിരായ പ്രതിരോധ പരിപാടികള്‍ സമീപ വര്‍ഷങ്ങളില്‍ സാര്‍വത്രികമായി മാറിയിരിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി സ്വയം സംരക്ഷണ അറിവും കഴിവുകളും നേടാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. കുട്ടികള്‍ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷാകര്‍ത്താവിന്റെയോ പരിചരണത്തിലുള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ സംരക്ഷണത്തിലായിരിക്കുമ്പോള്‍, എല്ലാത്തരം ശാരീരികമോ മാനസികമോ ആയ അക്രമങ്ങള്‍, പരിക്കുകള്‍, ദുരുപയോഗം, അവഗണന, അശ്രദ്ധമായ പെരുമാറ്റം, ലൈംഗിക ദുരുപയോഗം ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍, ചൂഷണം എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കണം. അതിന് ഉചിതമായ എല്ലാ നിയമനിര്‍മ്മാണ, ഭരണ, സാമൂഹിക, വിദ്യാഭ്യാസ നടപടികളും രാജ്യം സ്വീകരിക്കണമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കിയിരുന്നു.

കുടുംബത്തെയോ സമുദായത്തെയോ സമൂഹത്തെയോ കുട്ടികളുടെ സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നില്ലെങ്കിലും കുട്ടികളുടെ ആത്യന്തിക ഉത്തരവാദിത്തം യു.എന്‍.സി.ആര്‍.സി ഭരണകൂടത്തിനും സര്‍ക്കാറിനും ഉറപ്പിച്ചുനല്‍കുന്നു. കുട്ടികളുടെ സംരക്ഷണത്തിന് മാതാപിതാക്കള്‍ ഉത്തരവാദികളായിരിക്കണം എന്നത് ശരിയാണ്. എന്നാല്‍ മാതാപിതാക്കള്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആ കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. കാരണം ആത്യന്തിക ഉത്തരവാദിത്തം രാജ്യത്തിനാണ്. 2012ലെ പോക്‌സോ നിയമം (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ അവയുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു. പരമാവധി ജീവപര്യന്തവും കഠിന തടവും പിഴയും അടങ്ങുന്ന കര്‍ശന ശിക്ഷയാണ് ഇത് നിര്‍ദ്ദേശിക്കുന്നത്. കുട്ടികളുടെ ആവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം എന്ന തത്വം പിന്തുടര്‍ന്ന് റിപ്പോര്‍ട്ടു ചെയ്യല്‍, തെളിവുകള്‍ രേഖപ്പെടുത്തല്‍, അന്വേഷണം, കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണ, കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രഹസ്യ വിചാരണ എന്ന് തുടങ്ങി ശിശു സൗഹാര്‍ദ്ദപരമായ നടപടിക്രമങ്ങള്‍ ഈ നിയമം ഉള്‍ക്കൊള്ളുന്നു. പോക്‌സോ നിയമം പൊതുജനങ്ങള്‍ക്കിടയില്‍ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ തുടരുന്നതോടൊപ്പം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവും ശക്തമാക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it