സുരക്ഷ ശക്തമാക്കണം

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 13 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രണ്ടു കാറുകളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ ഹരിയാനയില്‍ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഈ സ്ഫോടനത്തില്‍ പങ്കുള്ളതായാണ് സംശയം. ഡല്‍ഹി പൊലീസ് അനൗദ്യോഗികമായി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണമാണെന്ന സംശയം ശക്തമാകുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരില്‍ നിന്ന്, സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വന്‍ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. ഇതോടെ അന്വേഷണം ഈ വഴിക്കാണ് നീങ്ങുന്നത്. പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും നിരീക്ഷണമുള്ള സ്ഥലത്ത് ഇങ്ങനെയൊരു സ്ഫോടനം ഉണ്ടായത്് തികച്ചും ആശങ്കാജനകമാണ്. സുരക്ഷാ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ജനത്തിരക്കുള്ള ഭാഗത്ത് തന്നെയാണ് സ്ഫോടനം നടന്നത്. മനുഷ്യശരീരങ്ങള്‍ സ്ഫോടനത്തില്‍ ചിന്നിച്ചിതറുകയായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ ഭീകരസംഘടനയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. പാക്കിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉള്ള ഭീകരസംഘടനകളില്‍ പെട്ടവരാകാം സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്ത് തന്നെയായാലും ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ഉത്തരവാദിത്വമാണ്. രാജ്യത്തെ ജനങ്ങളില്‍ ഉളവായിട്ടുള്ള അരക്ഷിതാവസ്ഥയും ഭയവും അകറ്റാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം കൂടിയാണിത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യം നടുങ്ങിയ സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡി.ജി.പിയാണ് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയതോടെ കേരളവും ജാഗ്രതയിലാണ്. ആരാധനാലയങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടന്നുവരികയാണ്. ജില്ലാ പൊലീസ് മേധാവികളുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112ല്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത മാസം തദ്ദേശതിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ട് ആളുകള്‍ ഏറ്റവും കൂടുതല്‍ കൂടിച്ചേരുന്ന സമയം കൂടിയാണ്. എല്ലായിടത്തും നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്.

