ആവര്‍ത്തിക്കുന്ന ചികിത്സാ പിഴവുകള്‍

ആരോഗ്യരംഗത്ത് മുന്നേറ്റം നടത്തുന്ന കേരളം രാജ്യത്തെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അഭിമാനിക്കുമ്പോഴും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പാലക്കാട് പല്ലശ്ശനയിലെ നാലാം ക്ലാസുകാരിയുടെ കൈ ഒരു എല്ലുപൊട്ടലിന് ചികിത്സ തേടിയതിനെത്തുടര്‍ന്ന് മുറിച്ചുമാറ്റേണ്ടി വന്നിരിക്കുന്നു. പാലക്കാട് ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയും ചികിത്സയിലെ പിഴവുമാണ് ഒരു പിഞ്ചുകുഞ്ഞിനെ ഇങ്ങനെയൊരു ദു:സ്ഥിതിയിലേക്ക് തള്ളിവിട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് കേരളത്തിലെ ചികിത്സാരംഗത്ത് ആവര്‍ത്തിക്കുന്ന ഗുരുതരമായ പിഴവുകളുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഏറ്റവും പുതിയ ഉദാഹരണം മാത്രം. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവിന് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമനിര്‍മ്മാണം അനിവാര്യമായിരിക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

സമീപകാലത്തായി നമ്മുടെ ആരോഗ്യരംഗത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം (കത്രിക) മറന്നുവെച്ച സംഭവം കേരളം മറന്നിട്ടില്ല. വര്‍ഷങ്ങളോളം വേദന തിന്ന് ജീവിക്കേണ്ടി വന്ന ആ സ്ത്രീയുടെ ദുരിതത്തിനും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും നമ്മള്‍ സാക്ഷികളായതാണ്. കാല് മാറി ശസ്ത്രക്രിയ ചെയ്യുക, രോഗനിര്‍ണയത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തുക, തെറ്റായ മരുന്ന് നല്‍കുക എന്നിങ്ങനെ പിഴവുകളുടെ പട്ടിക നീളുകയാണ്. ഓരോ തവണയും ഒരു പിഴവുണ്ടാകുമ്പോള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു. എന്നാല്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നില്ലെന്നതാണ് സത്യം. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച്, ഒരു ചികിത്സാപ്പിഴവ് നടന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമോ ഉപഭോക്തൃ കോടതികളിലോ ആണ് ഒരു സാധാരണക്കാരന് നീതി തേടാന്‍ സാധിക്കുക. എന്നാല്‍ ഈ വഴികള്‍ അതീവ സങ്കീര്‍ണ്ണവും കാലതാമസം നേരിടുന്നതുമാണ്. ഒരു ഡോക്ടറുടെ പിഴവ് ശാസ്ത്രീയമായി തെളിയിക്കുക എന്നത് സാധാരണക്കാരന് ഏറെക്കുറെ അസാധ്യമാണ്. മെഡിക്കല്‍ ബോര്‍ഡുകളുടെയും വിദഗ്ധാഭിപ്രായങ്ങളുടെയും നൂലാമാലകളില്‍ പലപ്പോഴും നീതിനിഷേധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. പിഴവിന് ഇരയാകുന്ന രോഗിക്ക് എത്രയും പെട്ടെന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകണം. ഒരു കുഞ്ഞിന്റെ കൈ നഷ്ടപ്പെട്ടാല്‍ പണം കൊണ്ട് ആ നഷ്ടം നികത്താനാവില്ല, പക്ഷേ ഭാവി ജീവിതത്തിന് ഒരു താങ്ങായി അത് മാറണം.

ദൈവതുല്യരായി കാണുന്ന ഡോക്ടര്‍മാരില്‍ നിന്ന് ഒരു പിഴവും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിക്കാം. പക്ഷേ അശ്രദ്ധയും അനാസ്ഥയും മൂലം ഒരു ജീവിതം തകര്‍ക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. ഡോ. വന്ദന ദാസിന്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാതിരുന്ന ഒരു വ്യവസ്ഥിതിയില്‍ ഡോക്ടര്‍മാരുടെ സംരക്ഷണത്തിനായി നിയമം വന്നതുപോലെ, പല്ലശ്ശനയിലെ പിഞ്ചുകുഞ്ഞിന് നീതി ഉറപ്പാക്കാനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശക്തമായ ഒരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നേ മതിയാവൂ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it