റേഷന്‍ കടകള്‍ കാലിയാകുമ്പോള്‍

അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തിക ബാധ്യതകളും കാരണം സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് റേഷന്‍ കടകളില്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭിക്കാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. ഇതോടെ ജനജീവിതം കൂടുതല്‍ ദുസഹമായിത്തീര്‍ന്നിരിക്കുകയാണ്. സംഭരണകേന്ദ്രങ്ങളില്‍ നിന്ന് കടകളിലേക്ക് റേഷന്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാരുടെ അനിശ്ചിതകാല പണിമുടക്കാണ് ഇതിന് കാരണമായത്. കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക റേഷന്‍ കടകളും പണിമുടക്ക് കാരണം സാധനങ്ങളില്ലാതെ അടിച്ചിടേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ചില റേഷന്‍ കടകളില്‍ പച്ചരിയും മറ്റ് ധാന്യങ്ങളുമുണ്ട്. കോമ്പിനേഷന്‍ ബില്ലിങ്ങില്‍ ഉദ്യോഗസ്ഥര്‍ നയപരമായൊരു തീരുമാനമെടുക്കാത്തതിനാല്‍ ഇത് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. കടമുറികളില്‍ അരിയും മറ്റും ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. കടകളിലേക്ക് സാധനങ്ങളെത്തിക്കുന്നവര്‍ക്കുള്ള കുടിശിക നൂറ് കോടിയിലേറെയാണ്. ഇത് കൊടുത്ത് തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്കാരംഭിച്ചത്. ജനുവരി ഒന്നുമുതലാണ് കരാറുകാര്‍ സമരം ആരംഭിച്ചത്. ഒരു മാസമാകാറായിട്ടും ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലുമുണ്ടായിട്ടില്ല. ഇക്കാരണത്താല്‍ സമരം തുടരുകയാണ്. ഈ സമരം എന്ന് അവസാനിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. സമരം തീരാതെ റേഷന്‍ കടകളില്‍ അവശ്യസാധനങ്ങള്‍ വിതരണത്തിനെത്തുകയുമില്ല. പകരം സംവിധാനമൊരുക്കാനും അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. മാസങ്ങളായി കമ്മീഷന്‍ ലഭിച്ചില്ലെന്ന് റേഷന്‍ കടയുടമകളും പരാതിപ്പെടുന്നുണ്ട്. കമ്മീഷന്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ കടയുടമകളും മാനസികസംഘര്‍ഷമനുഭവിക്കുന്നു. റേഷന്‍ വിഹിതം വാങ്ങാനെത്തുന്നവരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ അവര്‍ കുഴങ്ങുകയാണ്. സ്വന്തം നാട്ടില്‍ റേഷന്‍ കടകള്‍ നടത്തുന്നവരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. റേഷന്‍ ഉപഭോക്താക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ക്ക് പോലും സാധനങ്ങളില്ലാത്തതിനാല്‍ പഴി കേള്‍ക്കേണ്ടിവരുന്നു. കടയിലെത്തുന്നവര്‍ കയര്‍ക്കുമ്പോള്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നും കുടിശ്ശികയായ കമ്മീഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ 27ന് അനിശ്ചിതകാല സമരം ആരംഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേതന പാക്കേജ് പരിഷ്‌ക്കരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയതോടെ സമരം ഉറപ്പായിരിക്കുകയാണ്. വില കുറച്ച് സാധനങ്ങള്‍ ലഭിക്കുന്ന മാവേലി സ്റ്റോറുകളില്‍ പല സാധനങ്ങളും കിട്ടാതായിട്ട് ഒരുവര്‍ഷത്തിലേറെയായി. ഏക ആശ്രയമായിരുന്ന റേഷന്‍ കടകളിലും സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ സാധാരണക്കാരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നത് വലിയ ചോദ്യചിഹ്നമാണ്. അധികൃതര്‍ നിസംഗത അവസാനിപ്പിച്ച് റേഷന്‍ മേഖലയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കണ്ടേ മതിയാകൂ.