പെരുകുന്ന ക്വട്ടേഷന്‍ ആക്രമണങ്ങള്‍

കാസര്‍കോട് ജില്ലയില്‍ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിദേശരാജ്യങ്ങളില്‍ നിന്നും സ്വദേശത്ത് നിന്നുമൊക്കെയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലുകളാണ് വര്‍ധിച്ചിരിക്കുന്നത്. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപാതകം പോലും നടത്താന്‍ മടിയില്ലാത്തവരാണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളിലായി സംഭവിച്ചിട്ടുണ്ട്. യുവാവിനെ ഗള്‍ഫില്‍ നിന്നും കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവം കൂടി നടന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം കൂടിയുണ്ടായത്. ഈ സംഘത്തെ കേരള-കര്‍ണാടക പൊലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെ തട്ടിക്കൊണ്ടുപോയത് ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഉച്ചക്ക് കാസര്‍കോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപം നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ആന്ധ്രപ്രദേശ് രജിസ്ട്രേഷന്‍ കാറിലെത്തിയ നാലംഗ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി സംഘം ഹനീഫയെ നിരീക്ഷിച്ചുവരികയായിരുന്നു. നഗരമധ്യത്തില്‍ നടന്ന സംഭവം നാട്ടുകാരില്‍ വലിയ പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ നീക്കമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തലപ്പാടി വഴി കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ കര്‍ണാടക പൊലീസിന്റെ സഹായം തേടി. വിവരം കൈമാറിയതിനെത്തുടര്‍ന്ന് അതിര്‍ത്തികളിലും പ്രധാന പാതകളിലും കര്‍ണാടക പൊലീസ് പരിശോധന കര്‍ശനമാക്കി. പരിശോധനയ്ക്കിടെ ഒരു ചെക്ക്‌പോസ്റ്റില്‍വെച്ച് വാഹനം കണ്ടെത്തിയെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് കര്‍ണാടക പൊലീസ് മൂന്ന് കിലോമീറ്ററോളം പിന്തുടര്‍ന്ന് ഹാസനില്‍ വെച്ചാണ് സംഘത്തെ പിടികൂടിയത്. പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടയാള്‍ക്ക് ജീവാപായം വരെ സംഭവിക്കുമായിരുന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ ഇങ്ങനെ നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊലീസിന് ഇടപെടാന്‍ കഴിയാത്ത സംഭവങ്ങളില്‍ കൊലപാതകവും നടന്നിട്ടുണ്ട്.
എന്തുതന്നെയായാലും സാമ്പത്തിക വിഷയങ്ങളിലുള്ള ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. പണം നഷ്ടമായവര്‍ക്ക് നിയമത്തിന്റെ വഴിയിലൂടെ തിരിച്ചുപിടിക്കാന്‍ വഴികളുണ്ടെന്നിരിക്കെ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടി തന്നെ വേണം.

