നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍
കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരം കേസുകളില്‍ കുട്ടികള്‍ പ്രതികളാകില്ലെങ്കിലും വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ കേസിലകപ്പെടും. കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ അടക്കമുള്ളവരാണ് കേസില്‍ പ്രതികളാകുന്നത്. കേസ് കോടതിയിലെത്തിയാല്‍ അടക്കേണ്ടി വരുന്നത് കനത്ത പിഴയാണ്. 25,000 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ഇത്തരം കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷ. മുമ്പ് 10,000 രൂപയായിരുന്നു പിഴയീടാക്കിയിരുന്നത്. എന്നിട്ടും നിയമലംഘനങ്ങള്‍ കുറയാത്ത സാഹചര്യത്തിലാണ് പിഴ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചത്. പിഴ ഈടാക്കുന്നതിന് പുറമെ വാഹനം ഓടിച്ചവര്‍ക്ക് 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് തടസമാവുകയും ചെയ്യുന്നു. സ്വാഭാവികമായും ഇതുപോലുള്ള കേസുകള്‍ കുറയേണ്ടതാണെങ്കിലും കൂടുന്നതായാണ് കാണുന്നത്.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 682 കുട്ടിഡ്രൈവര്‍മാരാണ് പിടിയിലായതെന്നറിയുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളൂ. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുണ്ട്. കേസില്‍ പ്രതികളാകുന്നവരില്‍ അമ്മമാരുമുണ്ടെന്നതാണ് മറ്റൊരു വസ്തുത. വീട്ടില്‍ വാഹനമുണ്ടെങ്കില്‍ കുട്ടികള്‍ക്കും അത് ഓടിക്കാന്‍ സാധിക്കും. ദിവസവും ശ്രമം നടത്തുമ്പോള്‍ വാഹനം ഓടിച്ച് പുറത്തേക്ക് പോകാനുള്ള പരിശീലനവും സ്വായത്തമാക്കും. വീട്ടിലെ വണ്ടിയുമെടുത്ത് കുറച്ചുദൂരം ഒന്ന് കറങ്ങിവരാമെന്ന് കരുതിയായിരിക്കും കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുക. രക്ഷിതാക്കളുടെ സമ്മതത്തോടെ വണ്ടിയുമായി പോകുന്ന കുട്ടികളുണ്ട്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വാഹനം ഓടിക്കുന്നവരുമുണ്ട്. കുട്ടികള്‍ പിടിയിലാകുമ്പോള്‍ വാഹനത്തിന്റെ ആര്‍.സി. ഉടമ ആരാണോ അവരായിരിക്കും കേസില്‍ പ്രതിയാകുക. കുട്ടികള്‍ ഓടിക്കുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും പിടിയിലാകാറുള്ളത്. വീട്ടിലെ സ്‌കൂട്ടറെടുത്ത് സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും ഏറെയാണ്. പൊലീസിന്റെയോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടേയോ ശ്രദ്ധയില്‍പെടുമ്പോള്‍ മാത്രമാണ് പിടിയിലാകുന്നത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഇടപെടലും ആവശ്യമാണ്.
കാസര്‍കോട് ജില്ലയില്‍ പൊതുവെ വാഹനാപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കുട്ടികള്‍ ഓടിക്കുന്ന വാഹനങ്ങളും അപകടം വരുത്തിവെക്കുന്നുണ്ട്. ഇങ്ങനെയുള്ള അപകടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുട്ടികള്‍ ഓടിക്കുന്ന വാഹനങ്ങള്‍ അത്തരം കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും അപകടം സംഭവിക്കാന്‍ കാരണമാകുന്നു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതേക്കുറിച്ച് ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യം തന്നെയാണ്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കാതിരിക്കുക എന്നത് തന്നെയാണ് രക്ഷിതാക്കള്‍ക്ക് സമൂഹത്തോട് നിറവേറ്റാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്വം.