പ്രവര്‍ത്തനരഹിതമാകുന്ന നിരീക്ഷണ ക്യാമറകള്‍

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകുകയാണ്. തകരാറിലായതും പ്രവര്‍ത്തിക്കാത്തതുമായ സി.സി.ടി.വി ക്യാമറകള്‍ നന്നാക്കാനുള്ള നടപടികളുണ്ടുണ്ടാകുന്നില്ല. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലടക്കം സ്ഥാപിച്ച നിരീക്ഷണക്യാമറകളില്‍ പ്രവര്‍ത്തിക്കാത്തവയുടെ എണ്ണം കൂടുകയാണ്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കവര്‍ച്ച, കഞ്ചാവ്-മയക്കുമരുന്ന് കടത്ത്, അക്രമം തുടങ്ങി വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. നഗരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. മോഷണം നടത്തുന്നവരെ തിരിച്ചറിയാന്‍ ഏറെ സഹായകമാകാറുള്ളത് നിരീക്ഷണ ക്യാമറകളാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണങ്ങളാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രയോജനപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നിരീക്ഷണക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് അനുകൂല സാഹചര്യമുണ്ടാക്കുക മോഷ്ടാക്കള്‍ക്കായിരിക്കും. ആളെ തിരിച്ചറിയാതെ വരുമ്പോള്‍ ഇത്തരം കേസുകളിലെ അന്വേഷണം വഴിമുട്ടുകയും ചെയ്യും. കൊലപാതകവും അക്രമവും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും പ്രതികളെ തിരിച്ചറിയാനും തെളിവ് ശേഖരിക്കാനും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ സഹായകമാകാറുണ്ട്. നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്ത സ്ഥലത്താണ് ഏതെങ്കിലും കുറ്റകൃത്യം നടന്നതെങ്കില്‍ പോലും പ്രതികള്‍ രക്ഷപ്പെട്ട് പോകുന്ന സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകളുണ്ടെങ്കില്‍ അത് അന്വേഷണത്തിന് വലിയ സഹായകമാകാറുണ്ട്. തെളിയിക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന പല കേസുകളും നിരീക്ഷണക്യാമറകളിലെ ചെറിയ സൂചനകള്‍ വെച്ച് പോലും തെളിയിച്ചിട്ടുണ്ട്. ജില്ലയിലെ നഗരഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിരീക്ഷണ ക്യാമറകളുള്ളത്. നഗരങ്ങളുടെ മുക്കിലും മൂലയിലും വരെ സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എന്താണ് പ്രയോജനമെന്ന ശക്തമായ ചോദ്യം ഉയര്‍ന്നുവരികയാണ്. ഒട്ടുമിക്ക കടകളിലും ഹോട്ടലുകളിലും ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം സി.സി.ടി.വി ക്യാമറകളുണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ താമസിക്കുന്ന വീടുകളില്‍ പലതിലും നിരീക്ഷണക്യാമറകള്‍ വെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായ ധാരണകളോടെയാണ് മോഷ്ടാക്കളെത്തുന്നത്. തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ ഇവര്‍ തുണികൊണ്ട് മൂടുന്നു. മുഖം മൂടി ധരിച്ചായിരിക്കും ചില കവര്‍ച്ചക്കാരെത്തുന്നത്. ഇവര്‍ രക്ഷപ്പെട്ട സമയവും സഞ്ചരിച്ച വാഹനവുമൊക്കെ തിരിച്ചറിയാന്‍ പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് സഹായകമാകുന്നത്. നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് നാടിന്റെ സുരക്ഷിതത്വത്തിനും ക്രമസമാധാനനിലയുടെ സംരക്ഷണത്തിനും അനിവാര്യം തന്നെയാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it