പഠിക്കില്ല, എത്ര ദുരന്തങ്ങള്‍ സംഭവിച്ചാലും

എത്ര ദുരന്തങ്ങളുണ്ടായാലും എത്ര ജീവനുകള്‍ നഷ്ടപ്പെട്ടാലും മലയാളികള്‍ പഠിക്കില്ലെന്ന് തെളിയിക്കുന്ന ഒരു അപകടമാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുണ്ടായത്. അഴീക്കോട് തറവാട്ട് കാവില്‍ തിറയുത്സവത്തിനിടെ വെടിക്കെട്ട് നടത്തുമ്പോള്‍ ജീവാപായമൊന്നും സംഭവിച്ചില്ലെങ്കിലും കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരവുമാണ്.
അഴീക്കോട് മുച്ചിരിയന്‍ കണ്ടമ്പേത്ത് തറവാട്ട് കാവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തിറയുത്സവം നടക്കുന്നതിനിടെയുണ്ടായ വെടിക്കെട്ടിനിടെ ദിശമാറിയെത്തിയ അമിട്ട് പൊട്ടിത്തെറിച്ചാണ് അഞ്ചുപേര്‍ക്ക് പൊള്ളലേറ്റത്. സംഭവത്തില്‍ തറവാട്ടുകാരണവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തിരിക്കുകയാണ്. വെടിക്കെട്ട് മൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുമ്പോഴും യാതൊരു സുരക്ഷയും മുന്‍കരുതലുമില്ലാതെ വെടിക്കെട്ട് നടത്തുന്ന അബദ്ധങ്ങള്‍ തുടരുക തന്നെയാണ്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേരുടെ മരണത്തിന് കാരണമായത് അശ്രദ്ധമായ വെടിക്കെട്ടാണ്. ഈ സംഭവം നടന്നിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ.
പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ട ആനയെ കണ്ട് പരിഭ്രാന്തരായി ഓടുകയും മൂന്നുപേര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയുമായിരുന്നു. ആനയുടെ മുന്നില്‍വെച്ച് പടക്കം പൊട്ടിച്ചാല്‍ വിരണ്ടോടുമെന്നും അത് അപകടം വരുത്തുമെന്നുമുള്ള സാമാന്യബോധം പോലും ഇതിന്റെ സംഘാടകര്‍ക്കുണ്ടായിരുന്നില്ല.
നീലേശ്വരത്ത് ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തം നടന്നിട്ട് അധികനാളായിട്ടില്ല. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചത് ആറുപേരാണ്. നിരവധി പേര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഈ സംഭവം നടന്നിട്ട് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ. വെടിപ്പുരയ്ക്ക് സമീപം നടത്തിയ വെടിക്കെട്ടാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തിയ അപകടത്തിന് കാരണമായത്. ഈ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിവര്‍ ജാമ്യത്തിലാണ്. നീലേശ്വരത്തെ വെടിക്കെട്ടപകടത്തിന് ശേഷം കാസര്‍കോട് ജില്ലയിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തിനിടെയുള്ള വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വെടിക്കെട്ട് ഒഴിവാക്കാത്ത ഉത്സവങ്ങള്‍ ഇപ്പോഴും ജില്ലയില്‍ നടക്കുന്നുമുണ്ട്.
ഏറെ ശ്രദ്ധയോടെയാണ് വെടിക്കെട്ട് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ പലയിടങ്ങളിലും അലക്ഷ്യമായാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തുന്നത്. എന്തെങ്കിലും സംഭവിച്ചതിന് ശേഷം വിലപിച്ചതുകൊണ്ട് എന്താണ് പ്രയോജനം.
വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണം. പാലിക്കുന്നില്ലെങ്കില്‍ വെടിക്കെട്ട് തടയേണ്ടതും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതും അധികൃതരുടെ ഉത്തരവാദിത്വമാണ്.