തകരുന്ന ദേശീയപാത

സംസ്ഥാനത്തെ പല ഭാഗങ്ങളിലും ദേശീയപാത തകരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണ വാര്‍ത്തയായിരിക്കുകയാണ്. യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായിരുന്ന തരത്തിലാണ് ദേശീയപാത തകരുന്നത്. എറ്റവുമൊടുവില്‍ കൊല്ലം കൊട്ടിയത്താണ് നിര്‍മ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നത്. ഈ സംഭവത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ക്ക് തീരുമാനമെടുത്തിരിക്കുകയാണ്. ദേശീപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍, പ്രോജക്ട് ഹെഡ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
എന്‍.എച്ച്.എ.ഐ. അധികൃതരില്‍ നിന്നും കലക്ടര്‍ വിശദീകരണവും തേടിയിട്ടുണ്ട്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷനോട് എന്‍.എച്ച്.എ.ഐ. റിപ്പോര്‍ട്ട് തേടിയിരുന്നു.
മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സര്‍വീസ് റോഡും തകര്‍ന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള വാഹനയാത്രക്കാര്‍ രക്ഷപ്പെട്ടത്. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയത്. ദേശീയപാത നിര്‍മ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി. എന്നാല്‍ ഗുരുതരമായ അനാസ്ഥയാണ് ദേശീയപാത നിര്‍മ്മാണത്തിലുണ്ടായതെന്ന് വ്യക്തമാണ്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. കാസര്‍കോട് ജില്ലയിലും സമാന സംഭവങ്ങളുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ഭാഗത്ത് ദേശീയപാതയില്‍ വിള്ളല്‍ സംഭവിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തത് മഴക്കാലത്താണ്. മഴ മാറിയതിന് ശേഷവും ദേശീയപാത ഇടിഞ്ഞുതാഴുന്നുണ്ടെങ്കില്‍ ഇതില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അതാതിടങ്ങളിലെ സാഹചര്യത്തിനനുസരിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തേണ്ടത്. കൊട്ടിയത്ത് ചതുപ്പുനിലമുള്ള ഭാഗത്താണ് ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. ആവശ്യമായ സുരക്ഷയും മുന്‍കരുതലും ഉറപ്പാക്കാതെ പ്രവൃത്തി നടത്തിയതിനാലാണ് ദേശീയപാത തകര്‍ന്നത്. ദുരന്തങ്ങള്‍ ഒഴിവാക്കിയും സുരക്ഷ ഉറപ്പാക്കിയുമാണ് ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തേണ്ടത്.

