പ്രവാസി വ്യവസായിയുടെ കൊലപാതകവും ചില യാഥാര്‍ത്ഥ്യങ്ങളും
പ്രവാസി വ്യവസായിയായിരുന്ന പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തിന് ശേഷമാണെങ്കില്‍ പോലും പ്രതികളെ അറസ്റ്റുചെയ്യാന്‍ സാധിച്ചതില്‍ പ്രത്യേക അന്വേഷണസംഘം അഭിനന്ദനമര്‍ഹിക്കുകയാണ്. തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു കേസാണ് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ഏറ്റെടുത്തതോടെ കൊലപാതകമാണെന്ന് തെളിയിക്കപ്പെട്ടത്. എന്നാല്‍ സാഹചര്യത്തെളിവുകളുണ്ടായിട്ടുപോലും ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്താന്‍ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ലെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇതൊരു സ്വാഭാവികമരണമാണെന്ന് കരുതി മൃതദേഹം ഖബറടക്കുകയും ചെയ്തു. അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ കൈവശമുണ്ടായിരുന്ന 596 പവന്‍ സ്വര്‍ണ്ണം കാണാനില്ലെന്ന് പിന്നീട് വ്യക്തമായതോടെ മരണത്തില്‍ സംശയമുയര്‍ന്നു. മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയതോടെ മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നുതന്നെ മരണം സ്വാഭാവികമല്ലെന്ന് വ്യക്തമായതാണ്. മരണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് സംശയിക്കുന്നവരുടെ പേരെഴുതി ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്നു. സംശയിക്കുന്നവരെയൊക്കെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച കര്‍മ്മസമിതിയുടെയും ഹാജിയുടെ വീട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും തുടര്‍ന്ന് അന്വേഷണചുമതല ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ് കൈമാറുകയുമായിരുന്നു. ഡി.സി.ആര്‍. ബി. ഡി.വൈ.എസ്.പി നടത്തിയ ശാസ്ത്രീയവും സമര്‍ത്ഥവുമായ അന്വേഷണത്തിനൊടുവിലാണ് ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികള്‍ അറസ്റ്റിലായതും. പൊലീസ് അന്വേഷിച്ച രീതിയില്‍ തന്നെയാണ് ഡി.സി.ആര്‍.ബിയും അന്വേഷിച്ചിരുന്നതെങ്കില്‍ ഒരിക്കലും ഈ കേസ് തെളിയുമായിരുന്നില്ല. പ്രതികള്‍ നിയമത്തിന് മുന്നില്‍ വരാതെ തട്ടിപ്പുകളുമായി സമൂഹത്തില്‍ വിലസുമായിരുന്നു. കൊലപാതകമാണെന്ന സൂചനയും സംശയിക്കാവുന്നവരുടെ വിവരവും ലഭിച്ചിട്ടുകൂടിയും പൊലീസ് ഈ കേസ് ശരിയായി അന്വേഷിച്ചില്ലെന്നത് സത്യസന്ധമായി അന്വേഷണം നടത്തി കേസ് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും അപമാനകരമാണ്. സാധാരണഗതിയില്‍ ഒരു തരത്തിലും അന്വേഷിച്ച് സത്യം കണ്ടെത്താന്‍ പൊലീസിന് സാധിക്കാതെ വരുമ്പോഴാണ് കേസ് മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാറുള്ളത്. ഇവിടെ സത്യം കണ്ടെത്തുക എളുപ്പമായിട്ടുകൂടി പൊലീസ് എന്തുകൊണ്ട് അതിന് മുതിര്‍ന്നില്ലെന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തണം. അതീവ ഗൗരവകരമായ ഒരു കൊലപാതകത്തെ പോലും നിസംഗമായി സമീപിച്ച പൊലീസ് രീതി പ്രോത്സാഹിപ്പിക്കപ്പെടരുത്. അത് നിയമവാഴ്ചയെയും നാടിന്റെ ക്രമസമാധാനത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം കൂടിയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണം.