ദേശീയപാതയോരത്തെ ദുരിതജീവിതങ്ങള്‍

ദേശീയപാത വികസനപ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്ത പ്രദേശങ്ങളില്‍ പാതയോരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാവുകയാണ്. കുന്നിടിച്ച ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഉള്ള പ്രദേശങ്ങളിലും താമസിക്കുന്നവരാണ് ഏറെ കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ഭൂപ്രദേശങ്ങളുടെ സവിശേഷത മനസിലാക്കാതെ മേഘ കമ്പനി നടത്തിയ അശാസ്ത്രീയമായ പ്രവര്‍ത്തികളുടെ പരിണിത ഫലങ്ങളാണ് ഇത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചെറുവത്തൂര്‍ കുളങ്ങാട്ട് മല അനുവദിച്ചതിലും അധികം ഇടിച്ചുനിരത്തിയത് അവിടത്തെ ജനജീവിതത്തിന് കടുത്ത ഭീഷണിയും വെല്ലുവിളിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. കനത്ത മഴയില്‍ കുന്ന് ഇടിഞ്ഞ് ദേശീയപാതയിലേക്ക് കല്ലുകളും മണ്ണും വീഴുന്നതിനാല്‍ ഈ ഭാഗത്ത് വാഹന ഗതാഗതം പൊതുവെ ഭീഷണിയിലാണ്. ഇതിന് പുറമെ പ്രദേശത്ത് താമസിക്കുന്നവരും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. കുന്നില്‍ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തുന്നുണ്ട്. ഇനിയും കുന്നിടിഞ്ഞാല്‍ പ്രദേശത്ത് അത് വലിയ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകുമെന്നാണ് ആശങ്ക. മഴവരുമ്പോള്‍ ഭീതിയോടെയാണ് ഇവിടത്തെ ജനങ്ങള്‍ കഴിയുന്നത്. ചെളിയും മണ്ണും കുത്തിയൊലിച്ച് ഇവിടത്തെ കൃഷിയും വലിയ തോതില്‍ നശിക്കുന്നു. ചെര്‍ക്കളക്കും ബേവിഞ്ചക്കും ഇടയിലുള്ള കുന്നിടിച്ചില്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല. കുന്ന് കുത്തനെ ഇടിച്ചാണ് ഈ ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പോലും മണ്ണ് ഇടിയുന്നു. ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന സംരക്ഷണ ഭിത്തിയും ഇടിയുകയാണ്. തെക്കില്‍, ന്യൂബേവിഞ്ച ഭാഗങ്ങളില്‍ താഴ്ചയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അങ്ങേയറ്റം ഭയാശങ്കയോടെയാണ് ഇവിടെ കഴിയുന്നത്. കുന്ന് ഇടിഞ്ഞു താഴേക്ക് പതിച്ചാല്‍ വന്‍ ദുരന്തം തന്നെ സംഭവിക്കും. കുന്നിന്‍ മുകളിലുള്ള വീടുകളും ഭീഷണിയില്‍ തന്നെയാണ്. ഇവിടെയും കുന്നിടിച്ച ഭാഗങ്ങളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്ന് കൃഷിനശിക്കുന്നു. ചാലിങ്കാല്‍, കേളോത്ത് ഭാഗങ്ങളില്‍ സര്‍വീസ് റോഡിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. കേളോത്ത് അടിപ്പാത നിര്‍മ്മിക്കാമെന്ന് മേഘ കമ്പനി ഉറപ്പ് നല്‍കിയെങ്കിലും പ്രാരംഭ പ്രവൃത്തിപോലും തുടങ്ങിയിട്ടില്ല. തോട് നികത്തിയാണ് ഇവിടെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. തോട് ഇല്ലാതായതോടെ വെള്ളം സമീപത്തെ വീടുകളിലേക്ക് വരെ എത്തുന്നു. വെള്ളക്കെട്ടുകള്‍ കാരണം വയലില്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ല. കര്‍ഷകരുടെ ജീവിതം ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. ദേശീയപാത പ്രവര്‍ത്തികള്‍ നാടിന് ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം ഇതുമൂലം ദുരിതത്തിലായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നടപടി വേണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it