വ്യാജപോക്‌സോ കേസുകള്‍ തകര്‍ക്കുന്ന ജീവിതങ്ങള്‍

ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വയോധികനെ വ്യാജപോക്‌സോ കേസില്‍ കുടുക്കിയ ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. താന്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയതോടെ വയോധികനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു. എന്നാല്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജാമ്യം പൊലും കിട്ടാതെ 200 ദിവസമാണ് വയോധികന്‍ ജയിലില്‍ കഴിഞ്ഞത്. ഇത്രയും ദിവസം വയോധികന്‍ അനുഭവിച്ച മാനഹാനിക്ക് എന്ത് നഷടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ അതിഭയാനകമാം വിധത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നത് നിഷേധിക്കാനാകാത്ത സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ കുട്ടികളെ കരുക്കളാക്കി വ്യാജ ലൈംഗിക പീഡനപരാതികള്‍ നല്‍കുന്ന പ്രവണതകളും പെരുകിവരികയാണെന്ന മറ്റൊരു വസ്തുതയും നിലനില്‍ക്കുന്നു. പത്തനംതിട്ടയില്‍ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അമ്മക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പോക്‌സോ കോടതി സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. പോക്‌സോ കേസുകളുടെ ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കാനാവില്ലെന്നും ഇങ്ങനെയുള്ള പരാതികള്‍ നല്‍കുന്നത് സ്ത്രീകളായാല്‍ പോലും കര്‍ശന നടപടി സ്വീകരിക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പായാണ് കോടതിയുടെ ഇടപെടലിനെ വിലയിരുത്തേണ്ടത്.
കുടുംബ കലഹത്തെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം അയാളെ പോക്‌സോ കേസില്‍ കുടുക്കുകയെന്നതായിരുന്നു. ഒരു കുട്ടി ഭാര്യക്കൊപ്പവും മറ്റൊരു കുട്ടി ഭര്‍ത്താവിനൊപ്പവുമാണ് കഴിയുന്നത്. തനിക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ സ്വാധീനിച്ച് അമ്മ അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിരെ ലൈംഗികപീഡന പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അച്ഛനും സുഹൃത്തിനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടി പറയാത്ത കാര്യങ്ങള്‍പോലും എഴുതിച്ചേര്‍ത്ത് പൊലീസിന്റെ തിരക്കഥക്കനുസരിച്ചാണ് കുട്ടിയുടെ മൊഴിയെന്ന രീതിയില്‍ എഫ്.ഐ.ആര്‍ കോടതിയിലെത്തിയത്. കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയപ്പോഴാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെയാണ് അമ്മക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛനെയും സുഹൃത്തിനെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കോടതി പരിഗണനക്കെടുത്ത രണ്ട് പോക്‌സോകേസുകളില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കോടതി പ്രതികളെ വിട്ടയക്കുകയാണുണ്ടായത്. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ ഭാര്യാവീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഭാര്യ നഷ്ടപ്പെട്ടതിനാല്‍ ഈ വ്യക്തി ഭാര്യയുടെ വീട്ടുകാര്‍ക്കൊപ്പമുള്ള മകളുടെ സംരക്ഷണചുമതല തന്നെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിക്കാതിരുന്ന ഭാര്യാവീട്ടുകാര്‍ കുട്ടിയെ നല്‍കാതിരിക്കാന്‍ കണ്ടെത്തിയ വഴി കുട്ടിയുടെ അച്ഛനെ ലൈംഗിക പീഡനക്കേസില്‍ കുടുക്കുകയെന്നതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി കിട്ടിയതോടെ ആ പിതാവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ കുട്ടി കോടതിയില്‍ നല്‍കിയ മൊഴി പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നായിരുന്നു. സത്യാവസ്ഥ ബോധ്യപ്പെട്ട കോടതി ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പിതാവിനെ വിട്ടയക്കുകയും ചെയ്തുവെന്ന് മാത്രമല്ല മകളുടെ സംരക്ഷണച്ചുമതല പിതാവിന് കൈമാറുകയും ചെയ്തു. പരാതികള്‍ സത്യമാണോ വ്യാജമാണോ എന്ന് അന്വേഷിക്കാതെ തിടുക്കത്തില്‍ കേസെടുക്കുന്ന ഇവിടത്തെ നിയമവ്യവസ്ഥയും പ്രതിക്കൂട്ടിലാണ്.