സംരക്ഷിക്കാം പരിസ്ഥിതിയെ

ജൂണ്‍ അഞ്ച് ലോകപരിസ്ഥിതിദിനമാണ്. എല്ലാ ഇടങ്ങളിലും ഈ ദിനത്തില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. പ്രകൃതിക്ക് നേരെ ശക്തമായ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ചെറിയ കാടുകള്‍ നശിപ്പിക്കുന്നത് പോലും പ്രകൃതിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സസ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ പരിതസ്ഥിതിയിലെ ഏറ്റവും ചെറിയ മാറ്റങ്ങളോടു പോലും പ്രതികരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വേഗവും വ്യാപ്തിയും കൂടിയാല്‍ ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം വരെ സംഭവിക്കാമെന്ന മുന്നറിയിപ്പിനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. മലകളും മരങ്ങളും നശിപ്പിക്കുന്നതില്‍ പിന്‍മാറുകയെന്നത് തന്നെ പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ഉത്തരവാദിത്വമാണ്. നിലവിലുള്ള വനങ്ങളും മരങ്ങളും സംരക്ഷിക്കുക മാത്രമല്ല കൂടുതല്‍ വനങ്ങളും മരങ്ങളും ഉണ്ടാക്കുകയെന്ന ദൗത്യത്തിന് അധികാരികളും ജനപ്രതിനിധികളും മുന്‍കൈയെടുക്കണം. മരങ്ങള്‍ വെട്ടിനശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരത്തിയും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പ്രകൃതി ധ്വംസനം കൂടിയായതിനാല്‍ അത് മനുഷ്യരുടെ ഭൗതിക സൗകര്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.
പ്രകൃതിക്ക് നേരെയുള്ള കൈയേറ്റങ്ങളുടെ പരിണിതഫലങ്ങള്‍ തണുപ്പുകാലത്തും ഉണ്ടാകാറുണ്ട്. മലയിടുക്കുകളിലെ ഹിമശേഖരങ്ങള്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നതിനെ നമ്മളാരും ഗൗരവമായി എടുക്കാറില്ല. മലയിടുക്കുകള്‍ ശുദ്ധജലസ്രോതസ്സുകളുടെ ഉറവിടങ്ങള്‍ കൂടിയാണ്. മലകള്‍ നശിപ്പിക്കുമ്പോള്‍ ഈ ജലസ്രോതസ്സുകള്‍ കൂടിയാണ് ഇല്ലാതാകുന്നത്. വേനല്‍ക്കാലത്തെ ശുദ്ധജല ലഭ്യത കുറയാന്‍ ഇത് കാരണമായിത്തീരുന്നു. മലകളില്‍ നിന്നുത്ഭവിക്കുന്ന പുഴകളില്‍ വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറയാനും പിന്നീട് പൂര്‍ണമായും വറ്റാനും ഇതിടവരുത്തുന്നു. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയാണെങ്കില്‍ മഴക്കാലത്ത് ഉരുള്‍പൊട്ടലിന് വരെ മലകളെ ധ്വംസിക്കുന്നത് കാരണമാകുന്നു. ആഗോളതാപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഭൂമിയിലെ ആവാസവ്യവസ്ഥകളിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥ വലിയൊരു വെല്ലുവിളിയായി തന്നെയാണ് ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് ഒട്ടനവധി പഠനങ്ങളും നടന്നുവരികയാണ്. ഭൂമിയിലെ ഉപരിതല താപനില അഞ്ച് വര്‍ഷം മുമ്പുണ്ടായതിനെക്കാള്‍ വര്‍ധിച്ച തോതിലാണുള്ളത്. കാര്‍ഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായി അത് വളര്‍ന്നുവികസിക്കുകയാണ്. ജനസംഖ്യാ വര്‍ധനവ് ഭക്ഷണ സാധനങ്ങളുടെ ആവശ്യത്തെയും വര്‍ധിപ്പിക്കുന്ന കാലത്ത് താപനില ഉയരുന്നത് അതിദാരിദ്ര്യാവസ്ഥക്ക് കാരണമാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്നം. താപനിലയുടെ തീവ്രത കൂടുംതോറും വരള്‍ച്ചയും രൂക്ഷമാകുകയാണ്. ജലസമൃദ്ധിയുള്ള പ്രദേശങ്ങള്‍ പോലും വറ്റിവരളുന്നത് പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിന് ഇടവരുത്തുന്നു. താപനിലയിലും വര്‍ഷപാതത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃഷിയെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നുവെന്നത് മാത്രമല്ല പ്രശ്നം, മണ്ണിന്റെ ഗുണവും വീര്യവും കുറയാനും ഇത് ഇടവരുത്തുന്നു. മണ്ണിന്റെ ഗുണനിലവാരം നഷ്ടപ്പെടുമ്പോള്‍ കാര്‍ഷികോല്‍പാദനം തുലോം കുറയുകയാണ് ചെയ്യുന്നത്. വെള്ളം കിട്ടാതെ കൃഷി ഉണങ്ങുന്നുവെന്നതിനൊപ്പം വെള്ളം കിട്ടിയാലും കാര്‍ഷിക ഉല്‍പാദനം പ്രതിസന്ധിയിലാക്കും വിധം മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നതും നമ്മള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ്. കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളുടെ ശല്യവും സസ്യരോഗങ്ങളുടെ വ്യാപനവും ഇതിന്റെ ഭാഗമായി തന്നെ ഉണ്ടാകുന്നുണ്ട്.
താപനിലയുടെ തോത് ക്രമം വിട്ട് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി മാറാറുണ്ട്. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയും മഴക്കാലത്ത് വന്‍ പ്രളയവും താപനിലയുടെ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്.