തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി വൈകുമ്പോള്‍

തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി വൈകുന്നതിലെ മന:പ്രയാസത്തിലാണ്. മുമ്പൊക്കെ പണിയെടുത്ത് ഒരുമാസത്തിനകം തന്നെ അവര്‍ക്കുള്ള തുക ബാങ്ക് അക്കൗണ്ടുകളില്‍ വന്നിരുന്നു. ഇപ്പോള്‍ നാലുമാസത്തോളമായി കൂലി കിട്ടിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. പാടത്ത് പണി വരമ്പത്ത് കൂലി എന്നതാണ് അധ്വാനിക്കുന്ന തൊഴിലിന്റെ ആപ്തവാക്യം. ഇവിടെ അത് ലംഘിക്കപ്പെടുന്നു. അതും മാസങ്ങളോളം. തൊഴില്‍രംഗത്ത് ഇതില്‍പ്പരം ക്രൂരത മറ്റൊന്നുമില്ല.

തൊഴിലുറപ്പ് തൊഴിലാളികളെല്ലാം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ഭൂരിഭാഗവും നിര്‍ധന കുടുംബത്തില്‍പെട്ടവരാണ്. തൊഴിലുറപ്പ് പണിയില്‍ നിന്നും കിട്ടുന്നത് തുച്ഛമായ കൂലിയാണെങ്കില്‍ പോലും കടുത്ത ജീവിതദുരിതങ്ങള്‍ക്കിടയില്‍ ഇത് ചെറിയ തോതിലെങ്കിലും ആശ്വാസമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അത്യാവശ്യ ചെലവുകള്‍ക്ക് ഈ പണി ഏറെ പ്രയോജനപ്പെടുന്നുണ്ട്. കുടുംബത്തില്‍ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കിടയില്‍ തൊഴിലുറപ്പ് ജോലി കൂടി ചെയ്യുന്നവരുണ്ടെങ്കില്‍ ആ കുടുംബത്തിന് കുറച്ചുകൂടി സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നത് വാസ്തവമാണ്. ഭര്‍ത്താവിന് സുഖമില്ലെങ്കില്‍ വീട്ടുജോലികള്‍ക്കിടയില്‍ തന്നെ തൊഴിലുറപ്പ് ജോലിക്ക് പോയി വരുമാനം കണ്ടെത്തുന്ന സ്ത്രീകളേറെയാണ്.

സ്ത്രീകളെ അപേക്ഷിച്ച് തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്ന പുരുഷന്മാര്‍ കുറവാണ്. പൊരിവെയിലിലും മഴയത്തുമൊക്കെ കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ക്ക് നാലുമാസമായിട്ടും കൂലി നല്‍കാതിരിക്കുന്നത് എത്ര കൊടിയ അനീതിയാണെന്ന് മനസിലാക്കണം. കേന്ദ്രസര്‍ക്കാരാണ് തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍ക്കുള്ള പണം അയച്ചുകൊടുക്കേണ്ടത്. കേന്ദ്രത്തിന്റെ പദ്ധതിയാണിത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട പണം കേരളത്തിന് കേന്ദ്രം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇത്രയും കാലതാമസം ഇതിനുമുമ്പുണ്ടായിട്ടില്ല. അധ്വാനത്തിന്റെ വിലയും മഹത്വവും അറിയാത്തവരും മേലനങ്ങി പണിയെടുത്തിട്ടില്ലാത്തവരും അധികാരത്തിന്റെ ശീതളഛായയില്‍ കഴിയുമ്പോഴുള്ള ദുരന്തത്തെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. പണിയെടുത്തതിന്റെ കൂലി അവര്‍ക്ക് കിട്ടിയേ മതിയാകൂവെന്നതിനാല്‍ അധികാര കേന്ദ്രങ്ങളിലെ നിസംഗതയെ നിസാരമായി കാണാനോ അംഗീകരിക്കാനോ കഴിയുകയില്ല. തൊഴിലുറപ്പ് ജോലിയുടെ സ്വഭാവം തന്നെ മാറിയ കാലം കൂടിയാണിത്. മുമ്പത്തെ പോലെ കൂടുതല്‍ സമയം വിശ്രമിക്കാനാകില്ല. കൂടുതല്‍ സമയം പണിയെടുക്കണം. അധ്വാനഭാരവും കൂട്ടി. എന്നാല്‍ കൃത്യമായി കൂലി മാത്രം നല്‍കുന്നില്ല. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ ഭാഗമാണോ ഈ കൂലി വൈകിപ്പിക്കലെന്ന് സംശയിക്കേണ്ടിവരും. കൂലി കിട്ടാതാകുമ്പോള്‍ തൊഴിലാളികള്‍ സ്വാഭാവികമായും തൊഴിലുറപ്പ് ജോലി വേണ്ടെന്നുവെക്കും. ഇതാണ് ലക്ഷ്യമെങ്കില്‍ തൊഴിലാളികള്‍ ശക്തമായി സമരരംഗത്തിറങ്ങണം.

എത്രയും വേഗം കൂലി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it