എച്ച്.എം.പി.വിക്കെതിരെ ജാഗ്രത വേണം, ആശങ്ക വേണ്ട
കോവിഡ് മഹാമാരി ലോകത്ത് എത്രമാത്രം വിനാശകരമായിരുന്നുവെന്ന് നമുക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ഇന്ത്യയിലും ഈ മാരക വൈറസ് വലിയ കെടുതികളാണ് സൃഷ്ടിച്ചത്. ആയിരക്കണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചുവീണത്. കേരളത്തിലും നിരവധിപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 2019 മുതല്‍ 2021 വരെ ലോകം കോവിഡിന് മുന്നില്‍ വിറങ്ങലിക്കുകയായിരുന്നു. കോവിഡ് മാറിയെങ്കിലും അതുമൂലമുണ്ടായ കെടുതികളില്‍ നിന്നും ഒരു രാജ്യവും പൂര്‍ണ്ണമായും കരകയറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാകാനാണ് കോവിഡ് ഇടവരുത്തിയത്.
കോവിഡ് സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്നും പതുക്കെയാണെങ്കിലും മനുഷ്യസമൂഹം കരകയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എച്ച്.എം.പി.വി വൈറസ് പടര്‍ന്നുപിടിക്കുന്നത്. ഇത് മാരകമായ വൈറസല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് ബാധിച്ചാല്‍ വലിയ പ്രശ്നം തന്നെയാണ്. നിലവില്‍ ചൈനയിലാണ് ഈ വൈറസ് വ്യാപിച്ചിരിക്കുന്നത്. അവിടെ നിരവധിപേര്‍ എച്ച്.എം.പി.വി ബാധിച്ച് ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ത്യയിലെ ഏതാനും നഗരങ്ങളിലും എച്ച്.എം.പി.വി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ജാഗ്രത ആവശ്യമായിരിക്കുകയാണ്.
ആദ്യം ബംഗളൂരുവിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ സേലം, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും വൈറസ് ബാധിച്ചവരുണ്ടെന്നാണ് വിവരം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് എന്നാണ് ഇതിന്റെ പൂര്‍ണ്ണനാമം. ബംഗളൂരുവില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് എച്ച്.എം.പി.വി ബാധിച്ചിരിക്കുന്നത്. ചെന്നൈ, സേലം, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കാണ് രോഗബാധ. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നത് ആശ്വാസം പകരുന്നതാണ്. ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള തീവ്രത ഈ വൈറസ് കൈവരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുപതോളം പേര്‍ക്ക് എച്ച്.എം.പി.വി സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. പനിയും ശ്വാസതടസവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. പനി വന്നാല്‍ സ്വയം ചികിത്സ നിശ്ചയിക്കാതെ ആസ്പത്രിയില്‍ പോയി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കോവിഡിന്റെ അത്ര ഭയപ്പെടേണ്ട വൈറസല്ല എച്ച്.എം.പി.വി എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വളരെ ചെറിയ തോതില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുന്ന വൈറസാണ് എച്ച്.എം.പി.വി. മാസ്‌ക്ക് ധരിച്ചും ആള്‍ക്കൂട്ടം ഒഴിവാക്കിയും ഈ വൈറസിനെ അതിജീവിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഭയപ്പെടാതെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. എച്ച്.എം.പി.വിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ അവഗണിക്കുക. കോവിഡ് മഹാമാരിയെ അതിജീവിച്ച നമുക്ക് എച്ച്.എം.പി.വിയെയും അതിജീവിക്കാന്‍ സാധിക്കും.