കാട്ടുപന്നിശല്യവും നിയമത്തിലെ അവ്യക്തതയും

ജനജീവിതത്തിന് ഏറ്റവും കൂടുതല്‍ ശല്യമാകുന്ന വന്യജീവികളാണ് കാട്ടുപന്നികള്‍. കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും പുലികളുടെയും ശല്യം വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കാണെങ്കില്‍ കാട്ടുപന്നിശല്യം എല്ലാ ഭാഗത്തുമുണ്ടെന്നതാണ് വസ്തുത. ഗ്രാമപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമാണ് കാട്ടുപന്നികളുടെ ശല്യം കൂടുതലായുള്ളത്. അത്യന്തം ഉപദ്രവകാരികളായ ജീവികളാണ് കാട്ടുപന്നികള്‍. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നുവെന്നതിന് പുറമെ മനുഷ്യരെ അക്രമിക്കുകയും ചെയ്യുന്നു. കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെട്ടവരുണ്ട്. ഗുരുതരമായി പരിക്കേറ്റവരുണ്ട്. വനപാതകളില്‍ റോഡുകളില്‍ കൂടി ഓടുന്ന കാട്ടുപന്നികള്‍ വാഹനയാത്രക്കും ഭീഷണിയാവുകയാണ്. വനപാതകളില്‍ മാത്രമല്ല ഗ്രാമീണ റോഡുകളിലും കാട്ടുപന്നികള്‍ ഇറങ്ങി നടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാല്‍നടയാത്രക്കാരെയും പന്നികള്‍ ഉപദ്രവിക്കുന്നുണ്ട്. മനുഷ്യജീവനും കൃഷിക്കും കടുത്ത ഭീഷണിയായ കാട്ടുപന്നികളുടെ സൈ്വരവിഹാരം തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് നിയമത്തിലെ അവ്യക്തതയും ഒരു കാരണമാണ്. വന്യജീവി സംരക്ഷണനിയമപ്രകാരം കാട്ടുപന്നികളെ കൊല്ലുന്നത് ഇപ്പോഴും കുറ്റകൃത്യമായി നിലനില്‍ക്കുന്നു. അതേ സമയം ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഒരു നിയമം അടുത്തിടെ കൊണ്ടുവന്നിരുന്നു. തദ്ദേശഭരണസ്ഥാപന അധികാരികള്‍ക്കാണ് ഇതിനുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയത്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ വൈദഗ്ധ്യമുള്ളവരെ തദ്ദേശ അധികാരികള്‍ക്ക് അതിനായി ചുമതലപ്പെടുത്താമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് പലപ്പോഴും പ്രായോഗിക തടസങ്ങളുണ്ടാകുന്നുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ മാത്രമേ കൊല്ലാവൂ എന്നാണ് നിയമത്തിലെ നിര്‍ദ്ദേശം. ഏതൊക്കെ കാട്ടുപന്നികളാണ് ഉപദ്രവകാരികളെന്ന് തരം തിരിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ നിര്‍ദ്ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കാട്ടുപന്നികളെ കൊല്ലുന്നത് നിയമപ്രകാരമല്ലെങ്കില്‍ കേസില്‍ അകപ്പെടുകയും ചെയ്യുന്നു. കാട്ടുപന്നികളെ കാടുകളില്‍ പോയി വെടിവെച്ച് കൊല്ലുന്നതും ഇറച്ചിയാക്കി വില്‍ക്കുന്നതും കുറ്റമായി നിലനില്‍ക്കുന്നുണ്ട്. കാട്ടുപന്നി വണ്ടിയിടിച്ച് ചത്താല്‍ പോലും അതിനെ ഇറച്ചിയാക്കി വില്‍ക്കുന്നവര്‍ കേസില്‍ പ്രതികളാകുന്നുണ്ട്. ഇങ്ങനെ ഇറച്ചി വിറ്റവരില്‍ ഒരാള്‍ കേസില്‍ പ്രതിയായതോടെ ആത്മഹത്യക്ക് ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതിനിടെ ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി രംഗത്തുവന്നതോടെ ഇത് വീണ്ടുമൊരു നിയമപ്രശ്നമായി മാറിയിരിക്കുകയാണ്. കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് മാത്രമായിരിക്കണമെന്നും ഇത് പാലിക്കപ്പെടുന്നില്ലെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കാട്ടുപന്നിശല്യത്തിന്റെ ഭീകരത അനുഭവിച്ചവരെ സംബന്ധിച്ച് ഒരു നിയമവും ആശ്വാസമാകുന്നില്ലെന്നതാണ് വസ്തുത. നിയമത്തിന്റെ വിശകലനവും പരിശോധനയും എന്ത് തന്നെയാണെങ്കിലും അത് മനുഷ്യര്‍ക്ക് പ്രയോജനപ്പെടണം. നോക്കുകുത്തി നിയമം കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ലെന്ന് മനസിലാക്കണം.