വേണം അതീവജാഗ്രത

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. എത്ര ജാഗ്രത കാണിച്ചാലും തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. പണം, വ്യക്തിഗത വിവരങ്ങള്‍, അല്ലെങ്കില്‍ വ്യക്തിത്വം പോലും മോഷ്ടിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. മൊബൈല്‍ ഫോണുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ തട്ടിപ്പുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായമോ വിദ്യാഭ്യാസമോ ഒന്നും ഇത്തരം തട്ടിപ്പില്‍ പെടുന്നവരില്‍ ബാധകമല്ല എന്നതാണ് സത്യം. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. യു.പി.ഐ. ആപ്പുകളിലെ ചെറിയ തുകയുടെ അക്കൗണ്ട് ട്രാന്‍സാക്ഷന്‍ മുതല്‍ സമ്പന്നരായ ആളുകളുടെ കോടികള്‍ വരെ ഇതില്‍പ്പെടുന്നു. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഇക്കൂട്ടത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വയം മുന്‍കരുതലുകളെടുക്കുക എന്നതാണ് പ്രധാനം. ഇനി എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് ബോധ്യമുണ്ടാവണം. ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം. കൃത്യമായ വിവരങ്ങള്‍ നല്‍കി അവരില്‍ നിന്ന് കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിക്കണം. പണം നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് കൂടാതെ നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണം. ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുക, സിം മാറ്റുക തുടങ്ങിയ സാധ്യതകളും പരിശോധിക്കണം.

പരാതി നല്‍കുന്ന സമയത്ത് കയ്യിലുള്ളതും ബാങ്കില്‍ നിന്നും കിട്ടിയതുമായ വിവരങ്ങളും മറ്റു തെളിവുകളും പൊലീസിനെ ഏല്‍പ്പിക്കണം. സൈബര്‍ ക്രൈം സെല്ലിനെയും സമീപിക്കണം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലും പരാതി നല്‍കാവുന്നതാണ്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, അവയേക്കാള്‍ പ്രധാനമായി സാമ്പത്തിക ആവശ്യങ്ങള്‍ക്കും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സെറ്റ് ചെയ്യണം. നിങ്ങളുടെ യു.പി.ഐ. ഐഡി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍, അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ തുടങ്ങിയവയെല്ലാം ഉത്തരവാദിത്വമായി സൂക്ഷിച്ച് ഉപയോഗിക്കണം. അടുത്ത കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇവ നല്‍കുന്നതിന് മുമ്പ് പോലും പല തവണ ആലോചിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it