ദേശീയപാതയില്‍ അറുതിയില്ലാതെ അപകട പരമ്പരകള്‍

ദേശീയപാത വികസനപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ ഇനിയും മാസങ്ങളെടുക്കും. സര്‍വീസ് റോഡിന്റെ നിര്‍മ്മാണം ജില്ലയിലെ പല ഭാഗങ്ങളിലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 30 ജീവനുകളാണ്. ഈ മാസം മാത്രം 8 പേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്.

പാത മുറിച്ച് കടക്കുന്നത് മുതല്‍ റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള സാഹസിക സഞ്ചാരം വരെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹനവുമായി റോഡില്‍ ഇറങ്ങിയാല്‍ അശ്രദ്ധ ഒരു തെല്ലു പോലും പാടില്ലെന്ന് ഓര്‍മിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2025 ജനുവരി മുതല്‍ ചെറുതും വലുതുമായ 125 അപകടങ്ങളാണ് കാസര്‍കോട് ജില്ലയിലെ ദേശീയപാതയിലുണ്ടായത്. ഈ അപകടങ്ങളില്‍ 30 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70 പേരെയാണ് ഗുരുതര പരിക്കുകളോടെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്.

ജില്ലയില്‍ ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായ തലപ്പാടി-ചെര്‍ക്കള ആദ്യ റീച്ചിലാണ് കൂടുതല്‍ അപകടങ്ങളും. കുമ്പളയില്‍ റോഡരികില്‍ മുഴുവന്‍ വാഹനങ്ങള്‍ ഇടിച്ച പാടുകളായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പെയിന്റ് ചെയ്‌തെങ്കിലും വീണ്ടും വീണ്ടും വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണ്. ദേശീയപാതയിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ശ്രദ്ധിക്കാത്തതും ലൈന്‍ നിയമങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് അറിയാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. ഒപ്പം ആളുകള്‍ റോഡ് മുറിച്ച് കടക്കുന്നതും. റോഡിലെ എക്സിറ്റ്, എന്‍ട്രി നിയമങ്ങള്‍ പാലിക്കാത്തതും വലിയ അപകടമാണ്. 39 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം ദേശീയപാത തുറന്നപ്പോള്‍ ഇത്രത്തോളം അപകടം ഉണ്ടായിരിക്കെ, കേരളം മുഴുവന്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകും. ദേശീയപാത വികസനത്തോടെ അപകടങ്ങള്‍ കുറയുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം വിശ്വസിക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

ദേശീയപാതയില്‍ സൗകര്യങ്ങള്‍ കൂടുമ്പോള്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് ഓടിച്ചുപോകുന്നത്. ഇത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. പണി പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ പൊടിശല്യവും രൂക്ഷമാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍തലത്തില്‍ തന്നെ ബോധവല്‍ക്കരണവും കര്‍ശന നടപടിയും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it