എല്ലായിടത്തുമുണ്ട് ലഹരിയുടെ വലകള്‍
കാസര്‍കോട് ജില്ലയില്‍ ലഹരിമാഫിയകളുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എല്ലായിടത്തും മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളുടെ നീരാളിക്കൈകള്‍ എത്തിയിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം അമ്പരപ്പിക്കുന്നതാണ്. മദ്യത്തെക്കാള്‍ അപകടകാരിയാണ് മയക്കുമരുന്നും കഞ്ചാവും. മദ്യാസക്തിയില്‍ നിന്നും മോചനം നേടുന്നത് പോലെ എളുപ്പമല്ല മയക്കുമരുന്നില്‍ നിന്നും കഞ്ചാവില്‍ നിന്നുമുള്ള മോചനം. അടിമപ്പെട്ടാല്‍ ജീവിതവും ജീവനും തന്നെ നാശത്തിലെത്തുന്നു. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ ലഹരിമാഫിയകളുടെ വലയില്‍ അകപ്പെട്ട് കുടുംബങ്ങള്‍ക്ക് കണ്ണീരും ദുരിതവും സമ്മാനിക്കുകയാണ്. എം.ഡി.എം.എ എന്ന അതിമാരകമായ മയക്കുമരുന്നാണ് ഇപ്പോള്‍ നാടിന്റെ സൈ്വരജീവിതത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.
മുമ്പ് ഈ മയക്കുമരുന്ന് ബംഗളൂരുവും ഗോവയും പോലുള്ള സ്ഥലങ്ങളില്‍ മാത്രമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമൊക്കെ നഗരഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു എം.ഡി.എം.എയുടെ വില്‍പ്പന. ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും തീരദേശങ്ങളിലേക്കും മലയോരമേഖലകളിലേക്കും വരെ വ്യാപിച്ചിരിക്കുന്നു. എല്ലായിടത്തും സുലഭമായി കിട്ടുന്ന മയക്കുമരുന്നായി എം.ഡി.എം.എ മാറിയിരിക്കുകയാണ്. ഇതോടെ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ഇതില്ലാതെ ജീവിക്കാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യം സൗജന്യമായും പിന്നീട് കുറച്ച് പണം വാങ്ങിയും പ്രായപൂര്‍ത്തിയാകാത്തവരെ എം.ഡി.എം.എ മയക്കുമരുന്നിന് അടിമകളാക്കുന്നു. പിന്നീട് വന്‍തുക ആവശ്യപ്പെടുന്നു. മയക്കുമരുന്നിന് പൂര്‍ണ്ണമായും അടിമപ്പെട്ടവര്‍ എം.ഡി.എം.എ വാങ്ങാന്‍ ഏതുവിധേനയും പണമുണ്ടാക്കാനായി ഹീനമാര്‍ഗങ്ങള്‍ വരെ തിരഞ്ഞെടുക്കുന്നു. മോഷ്ടിച്ചും പിടിച്ചുപറിച്ചും പണം കണ്ടെത്താന്‍ പുതിയ തലമുറയിലെ ലഹരിക്കടിമപ്പെട്ടവര്‍ക്ക് യാതൊരു മടിയുമില്ല. ഇത്തരക്കാര്‍ കുടുംബങ്ങള്‍ക്കും നാടിനും വലിയ ശല്യവും ബാധ്യതയുമായി മാറുന്നു. പുതിയ തലമുറയില്‍പെട്ടവര്‍ക്ക് മദ്യത്തോട് വലിയ താല്‍പ്പര്യമില്ല. മദ്യം കഴിക്കുന്നവരില്‍ ഏറെയും മധ്യവയസ്‌കരും വയോധികരുമാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും ആകര്‍ഷിക്കപ്പെടുന്നത് കഞ്ചാവിലേക്കും മയക്കുമരുന്നിലേക്കുമാണ്. പൊതുസ്ഥലങ്ങളില്‍ പോലും കഞ്ചാവും എം.ഡി.എം.എയും കത്തിച്ച് വലിക്കുന്നവരെ ഇപ്പോള്‍ കാണാന്‍ കഴിയും. നിരവധിപേരാണ് കഞ്ചാവും മയക്കുമരുന്നും നിറച്ച ബീഡി വലിക്കുന്നതിനിടെ പൊലീസ് പിടിയിലായത്. ഇക്കൂട്ടത്തില്‍ കൗമാരക്കാരുമുണ്ട്. വലിയ ആപത്തിലേക്കാണ് പുതിയ തലമുറ നീങ്ങിക്കൊണ്ടിരിക്കുന്നത്. ലഹരി മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന് പുറമെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം.