വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന അക്രമവാസനകള്‍

കേരളത്തില്‍ കോളേജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്ന വിധം അക്രമവാസനകള്‍ വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് കര്‍ണ്ണപുടം തകര്‍ത്ത സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് അതുവഴി വന്ന ഫുട്‌ബോള്‍ പരിശീലകനായ അധ്യാപകനാണ് മര്‍ദ്ദനമേറ്റ് അവശനിലയില്‍ കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ ആസ്പത്രിയിലെത്തിച്ചത്. കോട്ടയം ഗവ. നഴ്സിംഗ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയെ ശരീരമാസകലം കുത്തിവരഞ്ഞും വായില്‍ ലോഷനൊഴിച്ചും ക്രൂരമായി റാഗിംഗിന് വിധേയനാക്കിയ സംഭവം മനുഷ്യമന:സാക്ഷിയെ നടുക്കുന്നതായിരുന്നു. ഈ സംഭവം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടവരുത്തുകയും റാഗിംഗിനെതിരെ പൊതുവികാരം ശക്തമാകാന്‍ ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. അതിനിടയിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവവും പുറത്തുവന്നിരിക്കുന്നത്. റാഗിംഗിന് സമാനമായ അക്രമമാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായത്. പാലക്കാട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ക്രൂരമായ റാഗിംഗിനും പീഡനത്തിനും കൊടിയ മര്‍ദ്ദനത്തിനും ഇരയാക്കി മരണത്തിലേക്ക് തള്ളിവിട്ട സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പ്രതികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനം ഈ കേസിന്റെ തുടര്‍ നടപടികളെ ബാധിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനം. കോട്ടയം ഗവ. നഴ്‌സിംഗ് കോളേജില്‍ നടന്ന ക്രൂരമായ റാഗിംഗിന് നേതൃത്വം നല്‍കിയവര്‍ക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന റാഗിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങളെ ഗൗരവത്തില്‍ കാണുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇത്തരം ഭൂരിഭാഗം കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. കേസുകള്‍ കോടതിയിലെത്തുമ്പോഴേക്കും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും സ്വാധീനം കുട്ടികള്‍ക്കിടയില്‍ അക്രങ്ങള്‍ വളരാന്‍ പ്രധാന കാരണമാണ്. വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളായല്ല വാര്‍ത്തെടുക്കപ്പെടേണ്ടത്. ഉത്തമ പൗരന്മാരായിട്ടാണ്. ഇതിനുവേണ്ട ഇടപെടലുകള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it