കാസര്‍കോട് ജില്ലയിലെ മൃഗാധിപത്യം

കാസര്‍കോട് ജില്ലയില്‍ മൃഗാധിപത്യം വരികയാണോ എന്ന സംശയമുയര്‍ത്തുന്ന വിധത്തില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിരിക്കുന്നു. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം പൊതുവെയുണ്ട്. ഇതിനിടയിലാണ് പുലികളുടെ സാന്നിധ്യം ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളിലാണ് കാട്ടാനകളുടെ ശല്യമെങ്കില്‍ പുലികള്‍ ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാണപ്പെടുകയാണ്. അതിര്‍ത്തി പ്രദേശങ്ങളെന്നോ ഗ്രാമപ്രദേശങ്ങളെന്നോ നഗരഭാഗങ്ങളെന്നോ വ്യത്യാസമില്ലാതെ ഒട്ടുമിക്ക പ്രദേശങ്ങളിലും പുലികളുടെ സാന്നിധ്യമുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ പുലികളിറങ്ങിയതോടെ ജനങ്ങളെല്ലാം ഭയപ്പാടിലാണ് കഴിയുന്നത്. ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും തെരുവ് നായ്ക്കളെയുമാണ് പുലികള്‍ ഭക്ഷണമാക്കുന്നത്. പുലികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്നും തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇവയെ പുലികള്‍ ഭക്ഷണമാക്കുന്നുവെന്നാണ് കരുതുന്നത്. വീടുകളില്‍ ചെന്ന് വളര്‍ത്തുമൃഗങ്ങളെ പുലികള്‍ പിടികൂടുന്നതും പതിവായിരിക്കുകയാണ്. പുലിക്ക് മുന്നില്‍ പെടുന്ന അനുഭവം ഭയാശങ്കയോടെ പലരും വെളിപ്പെടുത്തുന്നുണ്ട്. ആരും അക്രമിക്കപ്പെട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും തെരുവ് നായ്ക്കളെയും മറ്റും കൊന്നുതീര്‍ന്നാല്‍ പുലികളുടെ ഇനിയുള്ള ലക്ഷ്യം മനുഷ്യരായിക്കൂടെന്നില്ല. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ പുലിയും കടുവയുമൊക്കെ മനുഷ്യരെ കൊന്നുതിന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ഏറ്റവുമൊടുവിലാണ് വയനാട്ടില്‍ രാധ എന്ന ആദിവാസി സ്ത്രീയെ കടുവ കൊന്ന് ഭക്ഷിച്ചത്. ഇതിന് പുറമെ ഇതേ കടുവ വനപാലകരെ അക്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടുമാത്രമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടത്. നരഭോജിക്കടുവയെ പിന്നീട് ചത്തനിലയില്‍ കണ്ടെങ്കിലും വേറെയും കടുവകളുള്ളതിനാല്‍ അവിടെ ജനങ്ങള്‍ ഭീതിയില്‍ തന്നെയാണ്.

കാസര്‍കോട് ജില്ലയില്‍ നിലവില്‍ പുലികളുടെ സാന്നിധ്യം കൂടുതലുമുള്ളത് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളിലാണ്. മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ നിന്നാണ് പുലികള്‍ വളര്‍ത്തുനായ്ക്കളെ കടിച്ചുകൊണ്ടുപോയിരിക്കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് പുറമെ പശുക്കളെയും പുലി കൊന്നുതിന്നുന്നുണ്ട്. നിരവധി പുലികള്‍ ഈ ഭാഗങ്ങളില്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്. ഇതിനിടയിലാണ് ജില്ലയിലെ മറ്റ് ഭാഗങ്ങളിലും പുലികളുടെ സാന്നിധ്യമുള്ളത്.

കാഞ്ഞങ്ങാട് നഗരത്തിന്റെ സമീപ പ്രദേശമായ മാവുങ്കാലില്‍ വരെ പുലി എത്തിയിരിക്കുകയാണ്. ബേഡകം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ഇപ്പോള്‍ പുലിയെ കാണുന്നുണ്ട്. എന്നാല്‍ വനംവകുപ്പ് ഗുരുതരമായ ഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലികളുടെ നീക്കം നിരീക്ഷിച്ചതുകൊണ്ടുമാത്രം പ്രയോജനമില്ല. പുലികളെ പിടികൂടാന്‍ എല്ലായിടത്തും കൂടുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരിടത്തും പുലി കുടുങ്ങുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്. സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും അംഗന്‍വാടികളിലുമൊക്കെ പോകുന്ന കുട്ടികളുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാരും വനംവകുപ്പും അടിയന്തിരമായി ഇടപെടണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it