വേണം ശാശ്വതപരിഹാരം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ വ്യാപാരികള്‍ ആരംഭിച്ച സമരം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും റേഷന്‍ രംഗത്തെ പ്രതിസന്ധി പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. റേഷന്‍ വിതരണക്കാരുടെ സമരം ഒരുമാസത്തോടടുക്കുമ്പോഴാണ് ഇന്നലെ മുതല്‍ റേഷന്‍ വ്യാപാരികളും സമരം ആരംഭിച്ചിരുന്നത്. ഇതോടെ അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങളുടെ വില്‍പ്പന പൂര്‍ണ്ണമായും സ്തംഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണി മറികടന്നാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നത്. ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചത്. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെങ്കിലും ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ജീവിതച്ചിലവുകള്‍ കൂടിയ സാഹചര്യത്തില്‍ ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. സമരം തുടങ്ങിയതോടെ ഈ നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തുകയായിരുന്നു. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ശമ്പള വര്‍ധനവ് ഉടനെ പരിഗണിക്കാനാകില്ലെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി പറയുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ സര്‍ക്കാറിനെ ശക്തമായ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ സമരത്തിന് സാധിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവന്നത്. റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുമെന്നായിരുന്നു ആശങ്ക. തല്‍ക്കാലം ആ ആശങ്ക നീങ്ങിയെങ്കിലും റേഷന്‍മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടായേ മതിയാകൂ. റേഷന്‍ കടകളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതോടൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കൃത്യമായി വേതനവും കമ്മീഷനും നല്‍കാന്‍ ആവശ്യമായ നടപടിയുമുണ്ടാകണം.