നിയന്ത്രണം വേണം കടലിലെ കുളിക്ക്
മഴ മാറിയതോടെ കടല്‍തീരങ്ങള്‍ സജീവമാകുകയാണ്. തണുപ്പുകാലമായതിനാല്‍ വൈകുന്നേരങ്ങളില്‍ ബീച്ചുകളില്‍ വലിയ തിരക്കില്ലെങ്കിലും കടലില്‍ ഇറങ്ങി കുളിക്കുകയെന്നത് പലര്‍ക്കും ഹരമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. തണുപ്പുകാലം മാറുന്നതോടെ ബീച്ചുകള്‍ കൂടുതല്‍ സജീവമാകും. ഇപ്പോള്‍ തന്നെ കടലിലെ കുളി കാരണമുള്ള അപകടങ്ങളും വര്‍ധിച്ചുവരികയാണ്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി കുടുംബസമേതവും അല്ലാതെയും ബീച്ചുകളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ആളുകള്‍ കടലില്‍ ഇറങ്ങി കുളിക്കുന്നത്. ശക്തമായ തിരമാലകളുള്ളപ്പോള്‍ പോലും കടലിലിറങ്ങുന്നു. ദൂരെ നിന്നും വരുന്നവര്‍ കടലിലെ അപകടത്തെക്കുറിച്ച് ധാരണയില്ലാതെയാണ് കടലില്‍ കുളിക്കാനിറങ്ങുന്നത്. കാസര്‍കോട് ജില്ലയില്‍ കടലില്‍ അപകടത്തില്‍പ്പെടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം പെരുകുകയാണ്. തിരക്കുള്ള ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുകളെ ഏര്‍പ്പെടുത്തണമെന്ന് നിയമമുണ്ടെങ്കിലും പലയിടങ്ങളിലും ഇവരുടെ സേവനമുണ്ടാകുന്നില്ല. ഉള്ള ഇടങ്ങളിലാണെങ്കില്‍ വേണ്ടത്ര നിരീക്ഷണവും ശ്രദ്ധയും ഇല്ലാത്ത സ്ഥിതിയാണുള്ളത്. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പലരും ഇത് വക വെക്കാതെയാണ് കടലിലിറങ്ങുന്നത്. നീന്തലില്‍ വൈദഗ്ധ്യമുള്ളവരാണെങ്കില്‍ പോലും ശക്തമായ തിരമാലകളില്‍പെട്ടാല്‍ ജീവന്‍ അപകടത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ കടപ്പുറം തിരക്കുകളുണ്ടാകാറുള്ള ബീച്ചുകളില്‍ ഒന്നാണ്. സമീപകാലത്ത് ഇവിടെ മൂന്ന് മരണങ്ങള്‍ നടന്നിട്ടുണ്ട്. എന്നിട്ടുപോലും ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ല. ലൈഫ് ഗാര്‍ഡുമാരെയൊന്നും നിയമിച്ചിട്ടുമില്ല. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കടല്‍തീരങ്ങളില്‍ സഞ്ചാരികള്‍ ഒഴുകുകയാണ്. തണുപ്പ് കുറയുന്നതോടെ ഇവരുടെ തിരക്ക് ഇരട്ടിയാകും. കടലില്‍ ഇറങ്ങുന്നത് മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ തീരങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണങ്ങളും അനിവാര്യമായിരിക്കുന്നു. അവധിയാഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്ന ഇടങ്ങളിലൊന്ന് കടല്‍ തീരങ്ങളിലേക്കാണ്. ആരും ശ്രദ്ധിക്കാനോ പിന്തിരിപ്പിക്കാനോ ഇല്ലെങ്കില്‍ കുട്ടികള്‍ അപകടം മനസ്സിലാക്കാതെയായിരിക്കും കടലിലിറങ്ങുക. അധികം ദൂരെയൊന്നും പോകാതെയാണ് കുളിക്കുന്നതെങ്കില്‍ പോലും തിരമാലകള്‍ കൊണ്ടുപോയെന്ന് വരാം. കടലില്‍ എവിടെയൊക്കെ ചുഴികളുണ്ടെന്ന് ആര്‍ക്കുമറിയില്ല. തിരമാലകള്‍ കൊണ്ടുപോകുന്നത് ചുഴിയിലേക്കായിരിക്കും. അതുകൊണ്ട് കടലിനെ ഒരിക്കലും നിസാരമായി കാണരുത്. രക്ഷിതാക്കളും പൊതുസമൂഹവും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് അത്യാവശ്യമാണ്.