ജീവന്‍ നഷ്ടമാകുന്ന ജലജീവന്‍
ഏറെ പ്രതീക്ഷ നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് ജീവന്‍ നഷ്ടമായിത്തുടങ്ങുകയാണോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ്ണ കുടിവെള്ളം ലക്ഷ്യമിട്ടാണ് ജലജീവന്‍ മിഷന്‍ പദ്ധതി ആരംഭിച്ചത്. പലയിടങ്ങളിലും പൂര്‍ണമായും കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. മറ്റിടങ്ങളില്‍ ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇപ്പോള്‍ ഈ പദ്ധതിയില്‍ വിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. സൗജന്യമായി കുടിവെള്ളം ലഭിക്കുമെന്ന് കരുതിയാണ് ഭൂരിഭാഗം പേരും കണക്ഷനെടുത്തത്. എന്നാല്‍ പല കുടുംബങ്ങള്‍ക്കും വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇത് കാരണം നാലുലക്ഷത്തിലേറെ പേര്‍ കുടിവെള്ള കണക്ഷന്‍ ഉപേക്ഷിച്ചെന്നാണ് വിവരം. കേരളത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് 20.06 ലക്ഷം കണക്ഷനാണ് ജലജീവന്‍ മിഷന്‍ പ്രകാരം നല്‍കിയത്. മൊത്തം ചെലവിന്റെ 10 ശതമാനം ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ ഇതിനുവേണ്ട നടപടികളൊന്നുമുണ്ടായിട്ടില്ല. പകുതി കേന്ദ്ര സര്‍ക്കാറും ബാക്കി പകുതി സംസ്ഥാന സര്‍ക്കാറുമാണ് പദ്ധതിക്ക് നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ 15 ശതമാനമാണ് സംസ്ഥാന വിഹിതത്തില്‍ നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഇതോടെ സംസ്ഥാന വിഹിതം കൃത്യമായി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പിനെ തന്നെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ജലജീവന്‍ പദ്ധതിയുടെ മാനദണ്ഡങ്ങളെക്കുറിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇപ്പോഴും കൃത്യമായ അറിവില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 15,000 ലിറ്റര്‍ മാസ ഉപഭോഗമുള്ളവര്‍ക്ക് മാത്രമാണ് കുടിവെള്ളം സൗജന്യമായി നല്‍കുന്നത്. ഇതേക്കുറിച്ച് ധാരണയൊന്നും ഇല്ലാതിരുന്നവരാണ് ജലജീവന്‍ മിഷന്റെ കണക്ഷനെടുത്തത്. പിന്നീടാണ് അങ്ങനെയല്ല കാര്യങ്ങളെന്ന് വ്യക്തമായത്. മിനിമം നിരക്ക് 144 രൂപയാണ്. ഉപഭോഗം വര്‍ധിക്കുന്നതനുസരിച്ച് നിരക്കില്‍ കാര്യമായ വര്‍ധനവ് ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അതേസമയം ഉപയോഗിക്കാത്ത വെള്ളത്തിന് വരെ ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ വരുന്നുണ്ട്. ഇതോടെയാണ് കണക്ഷന്‍ ഉപേക്ഷിക്കാന്‍ മിക്ക ഉപഭോക്താക്കളും നിര്‍ബന്ധിതരാകുന്നത്. കിണറുകള്‍ അടക്കം കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങള്‍ ഉള്ളവരാണ് കണക്ഷന്‍ വിഛേദിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ സമീപിക്കുന്നത്. കുടിവെള്ളപ്രശ്‌നത്തിന് മറ്റ് പരിഹാരങ്ങളൊന്നും ഇല്ലാത്തവര്‍ കണക്ഷന്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. എന്നാല്‍ ജലവിതരണം ഇടയ്ക്കിടെ മുടങ്ങുന്നതും അതേസമയം ഉപയോഗിക്കാത്ത കുടിവെള്ളത്തിന് പോലും ബില്ലടിക്കുന്നതും ഉപഭോക്താക്കളെ ദുരിതത്തിലും ബാധ്യതയിലുമാക്കുകയാണ്. പോരായ്മകള്‍ പരിഹരിച്ച് പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ നടപടി വേണം.