അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍

ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുണ്ടെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ സര്‍വീസ് പെന്‍ഷന്‍ കൈപ്പറ്റുന്നവരും നിലവില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയുള്ളവരും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനകാര്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൊടിയ അനീതി തന്നെയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ വസ്തുനിഷ്ഠമായ അന്വേഷണം തന്നെ നടത്തേണ്ടിയിരിക്കുന്നു. നിര്‍ധനരായ വയോജനങ്ങള്‍ക്കാണ് ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളത്. വയോധികരില്‍ വലിയൊരു ശതമാനവും പല തരത്തിലുള്ള അസുഖങ്ങളുള്ളവര്‍ കൂടിയാണ്. ഇവര്‍ക്ക് അത്യാവശ്യം മരുന്ന് വാങ്ങാനും വട്ടച്ചെലവിനുമെല്ലാം ക്ഷേമപെന്‍ഷന്‍ പ്രയോജനപ്പെടുന്നുണ്ട്. ക്ഷേമപെന്‍ഷന്‍ മാസങ്ങളോളം മുടങ്ങുന്നത് അവര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ വളരെ വലുതാണ്. അതിനിടയിലാണ് അനര്‍ഹര്‍ നുഴഞ്ഞുകയറി അര്‍ഹതയുള്ളവരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.

അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളിതുവരെ അനര്‍ഹമായി കൈപ്പറ്റിയ തുക മുഴുവന്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ എന്തായാലും ഉണ്ടാകും. അതുകൂടാതെ മറ്റ് എന്തൊക്കെ നടപടികളുണ്ടാകുമെന്ന് വ്യക്തമല്ല. ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അത്തരക്കാരെ പൊതുസമൂഹം തിരിച്ചറിയുന്നതിന് ഇത് ആവശ്യമാണെന്നാണ് പൊതുവായ അഭിപ്രായം. എന്നാല്‍ അനര്‍ഹരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനോട് സര്‍ക്കാര്‍ ഇതുവരെ താല്‍പ്പര്യം കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗവും മികച്ച ശമ്പളവുമുള്ളവര്‍ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരിയത് നെറികെട്ട കുറ്റകൃത്യം തന്നെയാണ്. ഇങ്ങനെയുള്ളവര്‍ ആരൊക്കെയാണെന്ന് പൊതുജനം തിരിച്ചറിയേണ്ടത് അനിവാര്യം തന്നെയാണ്. പട്ടിക പ്രസിദ്ധീകരിക്കില്ലെന്ന നിലപാട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും സര്‍വീസ് പെന്‍ഷന്‍കാരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ കാരണമാകും. അനര്‍ഹര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയായത് തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. ഈ വീഴ്ച തിരുത്തപ്പെടാന്‍ അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രം പോര. കടുത്ത നടപടികളും ആവശ്യം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it