എന്ന് ജീവന്‍വെക്കും ഈ അസ്ഥികൂടത്തിന്

ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം കൊടും അവഗണനയുടെ പ്രതീകമായി കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലക്ക് നേരെ പല്ലിളിച്ചുകാണിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള ഒരു പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് എന്ന നാമവും വഹിച്ച് ഇങ്ങനെയൊരു ആസ്പത്രി നിലകൊള്ളുന്നത്. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടത്തിലും അക്രമത്തിലും അത്യാസന്ന നിലയിലായവര്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ട ആസ്പത്രികളാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ആ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ പ്രവര്‍ത്തനം ഒരു സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയത്ര പോലും മെച്ചപ്പെട്ടതല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. 2015ല്‍ പണി പൂര്‍ത്തീകരിച്ച് എം.ബി.ബി.എസ് അഡ്മിഷന്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് വര്‍ഷങ്ങളോളമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. ഇവിടെ ആകെ പണി പൂര്‍ത്തിയായ കെട്ടിടം കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് മാത്രമാണ്. ഏതാനും ഒ.പികള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആസ്പത്രി ബ്ലോക്ക്, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. തറക്കല്ലിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജിനോടുള്ള അവഗണന തുടരുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളിലുള്ള മെഡിക്കല്‍ കോളേജുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇവിടെ മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം കണ്ട് കാസര്‍കോട് ജില്ലക്കാര്‍ക്ക് നെടുവീര്‍പ്പിടേണ്ടി വരുന്നത്. ഇന്നും കാസര്‍കോട് ജില്ലക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍ കോവിഡ് പോലുള്ള മഹാമാരികള്‍ വരുമ്പോള്‍ അയല്‍ സംസ്ഥാനം അതിര്‍ത്തിയടച്ചാല്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരണം വരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇവിടത്തുകാര്‍ക്കുള്ളത്. കോവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയടച്ചപ്പോള്‍ പതിനഞ്ചോളം പേരാണ് കാസര്‍കോട് ജില്ലയില്‍ മെച്ചപ്പെട്ട ചികിത്സ കിട്ടാതെ മരിച്ചത്. ഇവിടെ നല്ലൊരു മെഡിക്കല്‍ കോളേജുണ്ടായിരുന്നുവെങ്കില്‍ ഇവര്‍ക്കൊന്നും ജീവന്‍ നഷ്ടമാകുമായിരുന്നില്ല. നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കാന്‍ കൊണ്ടുപോയത് മറ്റ് ജില്ലകളിലെയും മംഗളൂരുവിലെയും ആസ്പത്രികളിലേക്കാണ്. ഇവിടെ മെഡിക്കല്‍ കോളേജുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ മരണസംഖ്യ കുറയുമായിരുന്നു. ജില്ലയെ ഇത്തരമൊരു ഗതികേടിലേക്ക് തള്ളിവിട്ട അധികാരികള്‍ തങ്ങളുടെ നയം തിരുത്തണം. തിരുത്തിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ ഇടപെടല്‍ ജില്ലയിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it