തണലുകള്‍ നഷ്ടമാക്കുന്നവര്‍

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡരികുകളിലുള്ള തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മോടി കൂട്ടാനാണ് മരം മുറിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ സ്വന്തം ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ മുറിച്ചുകടത്തുകയാണ് ചെയ്യുന്നത്. ബദിയടുക്കയില്‍ യാത്രക്കാര്‍ക്ക് തണലേകിയിരുന്ന കൂറ്റന്‍മരമാണ് നിര്‍ദാക്ഷിണ്യം മുറിച്ചുമാറ്റിയത്. ബദിയടുക്ക പഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകളും വയോജനങ്ങളും ചൂടില്‍ നിന്നും രക്ഷനേടാന്‍ ആശ്രയിച്ചിരുന്ന തണല്‍മരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. സമീപത്തെ വി.ഇ.ഒ ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്തിരുന്ന മരത്തിന്റെ വേരുകളും ശിഖരങ്ങളും അപകടമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് മരം മുറിച്ചുമാറ്റിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ സ്ഥലപരിമിതി മൂലം പലരും മരച്ചുവട്ടിലാണ് നിന്നിരുന്നത്. വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. പഞ്ചായത്ത് ഓഫീസിലേക്കും മറ്റും വരുന്നവര്‍ക്ക് കൊടുംചൂടില്‍ നിന്നും രക്ഷ നേടാന്‍ ഈ മരം ഒരു ആശ്വാസമായിരുന്നു. ഇതുപോലെ ചൂടില്‍ വലയുന്നവര്‍ക്ക് തണുപ്പേകിയ ഒരുപാട് മരങ്ങളാണ് അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മുറിച്ചുനീക്കിയത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കുശവന്‍ കുന്നില്‍ റോഡരികിലുള്ള പൂമരങ്ങള്‍ മുറിച്ചുകടത്തിക്കൊണ്ടുപോയത് ഈ ഭാഗത്ത് ചൂടിന് ആക്കം കൂട്ടിയിരിക്കുകയാണ്. നഗരഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ ഭംഗി കൂട്ടാനും മറവ് മാറ്റാനും തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നുണ്ട്. ചുവടുകള്‍ക്ക് തീയിട്ടും മറ്റും മരങ്ങള്‍ ഉണക്കുന്നു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ ് മുറിച്ചുമാറ്റപ്പെട്ടത്. വികസനപ്രവൃത്തികള്‍ക്കായി അനേകം മരങ്ങള്‍ വേറെയും മുറിച്ചുമാറ്റപ്പെടുന്നു. ഇതൊക്കെ വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്. റോഡരികുകളിലും മറ്റും മനുഷ്യജീവന് അപകടകരമാകുന്ന വിധത്തിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ അവസരം മുതലെടുത്ത് അപകടസാധ്യതയില്ലാത്ത മരങ്ങള്‍ പോലും മുറിക്കുന്നുണ്ട്.

മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം പിന്നീട് മരങ്ങളുണ്ടാകുന്നില്ല. പകരം വൃക്ഷത്തൈകള്‍ നട്ടാല്‍ തന്നെയും പരിപാലിക്കപ്പെടുന്നില്ല. അതുകൊണ്ട് നല്ലൊരു തണല്‍മരം മുറിച്ചുമാറ്റുമ്പോള്‍ അതുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. കൂറ്റന്‍ മരങ്ങള്‍ ഇല്ലാതാകുമ്പോള്‍ പക്ഷികളുടെ ആവാസ വ്യവസ്ഥ കൂടിയാണ് നഷ്ടമാകുന്നത്. പ്രളയവും വരള്‍ച്ചയും മാറിമാറിവരുമ്പോഴും മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഇനിയും നമ്മുടെ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. പൊതുവായ സുരക്ഷിതത്വത്തിന്റെ ഭാഗമായല്ലാതെ ചിലരുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി മരം മുറിക്കുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it