ലഹരിമാഫിയകളും പെരുകുന്ന അക്രമങ്ങളും

ലഹരി മാഫിയകള്‍ സമൂഹത്തിന്റെ സര്‍വതലങ്ങളിലും വന്‍ ഭീഷണിയായിരിക്കുന്ന കാലഘട്ടമാണിത്. എല്ലായിടങ്ങളിലും അക്രമങ്ങളും അരാജകത്വവും സൃഷ്ടിച്ചുകൊണ്ടാണ് ലഹരി മാഫിയാ സംഘങ്ങള്‍ മുന്നോട്ടുപോകുന്നത്. എം.ഡി.എം.എ. പോലുള്ള മാരകമായ മയക്കുമരുന്നുകളും കഞ്ചാവും യുവതലമുറയെ ലഹരിയില്‍ മുങ്ങിത്താഴ്ത്തുകയാണ്. ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമായതിന് പുറമെ കുടുംബങ്ങളിലും സമൂഹത്തിലും കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.

കാസര്‍കോട് ജില്ലയിലും മയക്കുമരുന്ന്-കഞ്ചാവ് സംഘങ്ങള്‍ പിടിമുറുക്കിയിട്ട് നാളുകളേറെയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയടക്കം ലഹരിക്ക് അടിമകളാക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ നാടിനെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ലഹരി മാഫിയകള്‍ക്കെതിരെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പൊലീസും എക്‌സൈസും വിവിധ പ്രദേശങ്ങളില്‍ ലഹരിവേട്ടക്ക് പുറമെ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ലഹരിവില്‍പ്പനക്കാരെ പൊതുജനങ്ങളുടെ സഹായ സഹകരണങ്ങളോടെ നേരിടാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമാണ് പൊലീസും എക്സൈസും ശ്രമിക്കുന്നത്. ഇതോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന പ്രദേശവാസികളെ അക്രമത്തിലൂടെയും ഭീഷണിയിലൂടെയും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളാണ് ലഹരിമാഫിയകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ബോവിക്കാനത്ത് മയക്കുമരുന്ന് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെയും മാതാവിനെയും മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിന്റെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളിലുമ ുണ്ടാകുന്നുണ്ട്. ലഹരിമാഫിയകള്‍ക്കെതിരെ രംഗത്തിറങ്ങുകയും പൊലീസിനെയും എക്സൈസിനെയും സഹായിക്കുകയും ചെയ്യുന്നവരെ നിരന്തരം അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് തങ്ങളുടെ ലക്ഷ്യം നിറവേറ്റാമെന്നാണ് മയക്കുമരുന്ന് സംഘങ്ങള്‍ കണക്കുകൂട്ടുന്നത്. ജനങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ലഹരിമാഫിയകളെ തളയ്ക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ലഹരിവില്‍പ്പനക്കാരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ ഒരിക്കലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കഞ്ചാവും മയക്കുമരുന്നും വില്‍ക്കുന്നവരെ പിടികൂടുന്നതുപോലെ ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അധികൃതര്‍ക്കുണ്ട്. ലഹരിമാഫിയകളെ തളയ്ക്കാന്‍ കൂടുതല്‍ പരിശോധനകളും കര്‍ശനമായ നടപടികളും അനിവാര്യമാണ്.

News Desk
News Desk - Utharadesam News Desk  
Related Articles
Next Story
Share it