ട്രെയിനുകളുടെ കോച്ചുകള്‍ വെട്ടിക്കുറക്കരുത്

മിക്ക പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളുടെയും കോച്ചുകള്‍ വെട്ടിക്കുറക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിക്കാന്‍ കാരണമാകുകയാണ്. ഏറ്റവുമൊടുവില്‍ കണ്ണൂര്‍-മംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചും വെട്ടിക്കുറച്ചിരിക്കുകയാണ്. 16 കോച്ചുകളാണ് ഈ ട്രെയിനിന് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയും 12 ആയും ചുരുങ്ങി. രാവിലെ യാത്രക്കാരുടെ ഏറ്റവും തിരക്കനുഭവപ്പെടുന്ന ട്രെയിനുകളില്‍ ഒന്നാണിത്. രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ സീറ്റുകള്‍ നിറയുന്നു. പിന്നെ സൂചികുത്താന്‍ പോലും ഇടമില്ലാതാകും. അങ്ങനെയുള്ള ട്രെയിനില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത് യാത്രക്കാരോടുള്ള ക്രൂരതയാണ്. ക്രിസ്തുമസ് അവധിക്കാലമായതോടെ സംസ്ഥാനത്ത് ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാത വികസനവും പ്രതികൂല കാലാവസ്ഥയും കാരണം ആളുകള്‍ കൂടുതല്‍ ട്രെയിനിനെ ആശ്രയിക്കാന്‍ തുടങ്ങിയതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. അതേസമയം യാത്രക്കാരുടെ തിരക്ക് കണക്കിലെടുക്ക് നിരവധി ട്രെയിനുകളില്‍ ഈയിടെ അധിക കോച്ചുകള്‍ സതേണ്‍ റെയില്‍വേ അനുവദിച്ചിരുന്നു. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളിലാണ് കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയത്. റെയില്‍വേക്ക് അധിക വരുമാനത്തിനൊപ്പം യാത്രാ ദുരിതത്തിന് പരിഹാരവും ഇതിലൂടെ ലഭിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്ന ട്രെയിനുകളില്‍ മാത്രം അധികകോച്ചുകള്‍ അനുവദിച്ചതുകൊണ്ട് സാധാരണയാത്രക്കാര്‍ക്ക് പ്രയോജനമില്ല. ടിക്കറ്റ് നിരക്ക് കുറഞ്ഞ ട്രെയിനുകളില്‍ കൂടി അധിക കോച്ചുകള്‍ വേണം. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളിലാണ് കോച്ചുകള്‍ കൂട്ടിയിരിക്കുന്നത്. എട്ട് കോച്ചുകളുണ്ടായിരുന്ന വന്ദേ ഭാരതില്‍ എട്ട് കോച്ചുകള്‍ കൂടി അധികമായി ചേര്‍ത്തു. നിലവില്‍ 16 കോച്ചുകളുമായാണ് രണ്ടാം വന്ദേ ഭാരതും സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരതിലെ കോച്ചുകള്‍ നേരത്തെ തന്നെ 16ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയിരുന്നു. 21 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ - മധുര അമൃത എക്സ്പ്രസില്‍ കോച്ചുകളുടെ എണ്ണം 22 ആയി ഉയര്‍ത്തി. കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസ്, തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് എന്നിവയില്‍ കോച്ചുകള്‍ 21ല്‍ നിന്ന് 22 ആയി ഉയര്‍ത്തി. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ്, കോട്ടയം-കൊല്ലം പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയില്‍ കോച്ചുകളുടെ എണ്ണം 12ല്‍ നിന്ന് 14 ആയി ഉയര്‍ത്തിയിരുന്നു. വഞ്ചിനാട് എക്‌സ്പ്രസില്‍ വൈകാതെ തന്നെ കോച്ചുകള്‍ വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ മറ്റ് ട്രെയിനുകളിലും കോച്ചുകള്‍ കൂട്ടി യാത്രാദുരിതത്തിന് പരിഹാരം കാണണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it