കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ അലംഭാവമരുത്

കാണാതാകുന്നത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് കണ്ടെത്തുകയെന്നത് നിയമപാലകരുടെ ചുമതലയാണ്. മുതിര്‍ന്നവരെ കാണാതാകുന്ന സംഭവങ്ങളില്‍ പോലും അന്വേഷണത്തില്‍ അലംഭാവമുണ്ടാകാന്‍ പാടുള്ളതല്ല. അന്വേഷണം ഏറെനാള്‍ നീണ്ടുപോയെന്ന് വരാം. ചിലപ്പോള്‍ കണ്ടെത്താം. കണ്ടെത്താതിരിക്കാം. അതേസമയം അന്വേഷിക്കുകയെന്ന കര്‍ത്തവ്യത്തില്‍ ഒരു വീഴ്ചയും സംഭവിക്കരുത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 26 ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെയും ഓട്ടോ ഡ്രൈവറായ 43കാരനെയും വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ചയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പതിനഞ്ചുകാരിയും ഓട്ടോ ഡ്രൈവറും അടുപ്പത്തിലായിരുന്നു. വീടുവിട്ടിറങ്ങിയ രണ്ടുപേരും പ്രദേശം വിട്ടുപോകാതെ പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ കാട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചതാകാമെന്നാണ് സംശയമുയര്‍ന്നതെങ്കിലും രണ്ടുപേരും സ്വയം തൂങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. എങ്കിലും ഇക്കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ ഇരുവരുടെയും ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി ലാബിലേക്കയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ മാതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസിയായ ഓട്ടോ ഡ്രൈവറെയും കാണാതായതിനാല്‍ ഇരുവരും നാടുവിട്ടതാകാമെന്ന് സംശയിച്ചിരുന്നു. അതുകൊണ്ടുതന്നെയാകണം പെണ്‍കുട്ടിയുടെ തിരോധാനത്തെ പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പൊലീസ് കേസെടുത്ത് പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട കാട്ടിലേക്ക് മാത്രം പോയില്ല. നാട്ടുകാരുടെ ശ്രദ്ധയും ഈ ഭാഗത്തേക്ക് പതിഞ്ഞില്ല. ഒരു പ്രദേശത്ത് നിന്ന് രണ്ടുപേരെ കാണാതാകുമ്പോള്‍ അവര്‍ എവിടെയെങ്കിലും പോയിട്ടുണ്ടാകുമെന്ന് കരുതുന്നത് വെറും മുന്‍വിധി മാത്രമാണ്. കാണാതായവരുടെ നാട്ടില്‍ അവരുടെ വീട്ടുപരിസരങ്ങളടക്കം തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ രണ്ടുപേരെയും ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. വീടുവിട്ടിറങ്ങിയ ദിവസം തന്നെ പെണ്‍കുട്ടിയും ഓട്ടോ ഡ്രൈവറും തൂങ്ങിമരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. രണ്ട് മൃതദേഹങ്ങളും ജീര്‍ണിച്ച നിലയിലായിരുന്നു. പൊലീസ് അന്വേഷണം എങ്ങുമെത്താതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം നടന്നുവരുന്നതിനിടെയാണ് കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. ഈ ഹരജി കോടതി പരിഗണിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയും ഓട്ടോഡ്രൈവറും തൂങ്ങിമരിച്ച സംഭവം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് അവിടെ ലഭിച്ചത്. പെണ്‍കുട്ടികളെയോ സ്ത്രീകളേയോ കാണാതായി എന്നതടക്കമുള്ള പരാതി ലഭിച്ചാല്‍ കേസെടുത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ വകുപ്പുകളടക്കം കണക്കിലെടുത്തായിരിക്കണം അന്വേഷണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it