EDITORIAL | കറുപ്പ് നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍

സാക്ഷരതയിലും സംസ്‌ക്കാരത്തിലും മറുനാട്ടുകാരേക്കാള്‍ ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്വാര്‍ത്ഥതയും സങ്കുചിതത്വവും നിറഞ്ഞ വരേണ്യബോധം പേറിനടക്കുന്നവരുടെ എണ്ണത്തിന് മലയാളിസമൂഹത്തില്‍ കുറവൊന്നുമില്ലെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കറുപ്പ് നിറത്തിന്റെ പേരില്‍ താന്‍ നേരിടുന്ന അവഗണനയെക്കുറിച്ചും മാറ്റിനിര്‍ത്തലുകളെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ വാസ്തവത്തില്‍ അമ്പരപ്പുളവാക്കുന്നില്ല. കറുപ്പ് നിറത്തിന്റെ കാര്യത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇത്തരമൊരു പൊതുബോധത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആ പൊതുബോധത്തിന്റെ ഇരകളില്‍ ഒരാളാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. എത്ര ഉന്നതമായ പദവി അലങ്കരിക്കുന്ന ആളായാലും നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. കറുപ്പിന് ഏഴഴകാണെന്ന് വാഴ്ത്തിപ്പാടുന്ന മലയാളികള്‍ക്കിടയില്‍ നിന്നാണ് കറുപ്പിന്റെ പേരില്‍ കടുത്ത അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നത്.
കഴിഞ്ഞ ദിവസം ഔദ്യോഗികാവശ്യത്തിനായി ചീഫ് സെക്രട്ടറിയെ കാണാനെത്തിയ ആള്‍ നിറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ശാരദാ മുരളീധരനെ ഏറെ വേദനിപ്പിച്ചത്. വളരെയധികം മാനസികസംഘര്‍ഷം അനുഭവിച്ച ചീഫ് സെക്രട്ടറി ഇക്കാര്യത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചീഫ് സെക്രട്ടറിയെ പിന്തുണച്ചുകൊണ്ട് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കമുള്ളവരാണ് പ്രതികരിച്ചത്. ചീഫ് സെക്രട്ടറിക്ക് മാത്രമല്ല, നിറത്തിന്റെ പേരിലുള്ള അവഹേളനം നേരിടേണ്ടിവരുന്നത്. സമൂഹത്തിലെ ഒട്ടനവധിപേര്‍ അവഹേളനങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്, ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചീഫ് സെക്രട്ടറിയെ ആക്ഷേപിച്ചത് കേവലം ഒരു വ്യക്തിയെന്ന നിലയില്‍ നിസാരമായി കാണാനാകില്ല. ആ വ്യക്തി മാത്രമല്ല മറ്റ് പലരും കറുപ്പ് നിറത്തിന്റെ പേരില്‍ തന്നെ നിന്ദിച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അതുകൊണ്ട് കറുപ്പിന്റെ പേരിലുള്ള അവഹേളനം ഏതെങ്കിലും വ്യക്തിയുടേത് മാത്രമല്ല, അതൊരു സാമൂഹിക മനോഭാവം കൂടിയാണ്.
അന്തരിച്ച പ്രശസ്ത സിനിമാനടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് കറുത്ത നിറത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന അധിക്ഷേപം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കറുത്ത നിറക്കാര്‍ നൃത്തത്തിന് അനുയോജ്യരല്ലെന്ന രീതിയില്‍ പരാമര്‍ശം നടത്തിയത് കലാമണ്ഡലം സത്യഭാമ എന്ന സ്ത്രീയാണ്. ആ സമയത്തും സംസ്ഥാനമൊട്ടുക്കും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒക്കെ പേരില്‍ അവഹേളിക്കുന്ന നീച മന:സ്ഥിതിക്കാര്‍ ഏറെയുണ്ടെന്നിരിക്കെ നവോത്ഥാന പോരാട്ടങ്ങള്‍ തുടരുക തന്നെ വേണം.