വികസനം വേണം എല്ലാ തലങ്ങളിലും

കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന വികസന സദസുകള്‍ അതാത് പ്രദേശങ്ങളില്‍ നടപ്പാക്കിയ വികസനങ്ങളെക്കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസനങ്ങളെ കുറിച്ചും അനാസ്ഥ കൊണ്ടും സാങ്കേതിക തടസങ്ങള്‍ കൊണ്ടും നടപ്പാക്കാന്‍ കഴിയാതെ പോയ വികസനങ്ങളെ കുറിച്ചുമൊക്കെ ചര്‍ച്ചചെയ്യാനുള്ള അവസരമായി മാറിയിരിക്കുകയാണ്. വികസനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ഓടിയെത്തുക റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഒക്കെയായിരിക്കും. എന്നാല്‍ അതുകൊണ്ട് മാത്രം വികസനം പൂര്‍ണ്ണമാകില്ല. വികസനം പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരവും ഉയരണം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ചില പഞ്ചായത്തുകളും പ്രദേശങ്ങളും ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നല്ല വീട് ഇല്ലാത്തവരും വീട് തീരെ ഇല്ലാത്തവരും നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരകളില്‍ താമസിക്കുന്ന നിരവധി പേര്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ട്. അര്‍ഹതയുണ്ടായിട്ടും അടച്ചുറപ്പുള്ള വീട് ഇവര്‍ക്ക് നിര്‍മ്മിച്ചുകൊടുക്കാന്‍ അധികാരികള്‍ താല്‍പര്യം കാണിക്കുന്നില്ല. സംസ്ഥാനത്തെ പല ഭാഗങ്ങളിലും നല്ലൊരു വീട്ടില്‍ താമസിക്കാന്‍ ഭാഗ്യമില്ലാതെ ദുരിതജീവിതം നയിക്കുന്ന കുടുംബങ്ങള്‍ അനവധിയുണ്ട്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവര്‍ക്ക് നല്ല വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന വികസനം എന്ന അവകാശവാദത്തിന് ഒരു അര്‍ത്ഥവുമുണ്ടാകില്ല. നാടിന്റെ പുരോഗതി എന്ന് പറയുന്നത് ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിന്റെ പുരോഗതി കൂടിയാണ്. എന്നാല്‍ എല്ലാ ജനങ്ങളുടെയും ജീവിതനിലവാരം ഒരുപോലെ അല്ല എന്ന യാഥാര്‍ത്ഥ്യം മുഴച്ചുനില്‍ക്കുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദാരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്ന പ്രതിഭാസം ഇന്നും നിലനില്‍ക്കുന്നു. ഈ സാമൂഹിക അന്തരം വികസനത്തിന്റെ ശത്രുവാണ്. സാമൂഹിക അന്തരം ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട് വികസനത്തിന്റെ നെറുകയില്‍ എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വികസനം എത്തിനോക്കാത്ത പ്രദേശങ്ങളെ കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരത്തെ കുറിച്ചും അധികൃതര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എങ്ങനെ ഇത്തരം പ്രദേശങ്ങളില്‍ വികസനം എത്തിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടണം. വികസനത്തിന് തടസമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും വേണം. വീടില്ലാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടാകരുത് എന്ന നിലപാടില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഒറ്റ മുറി വീട്ടില്‍ താമസിക്കുന്ന ദൈന്യ ജീവിതങ്ങള്‍ ഉള്ള നാട്ടില്‍ വികസനത്തെ കുറിച്ചുള്ള വാക്‌ധോരണികള്‍ അശ്ലീലമാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍ ചിന്തനം അനിവാര്യമാണ്.