ഇതര സംസ്ഥാനക്കാരായ കുറ്റവാളികള്‍

കാസര്‍കോട് ജില്ലയില്‍ ഇതരസംസ്ഥാനക്കാരായ കൊടും കുറ്റവാളികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരം ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. ജില്ലയില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനും നാടിന്റെ ക്രമസമാധാനത്തിനും ഇവര്‍ വലിയ ഭീഷണി തന്നെയാണെന്നത് പല സംഭവങ്ങളും തെളിയിക്കുന്നു. കൊലപാതകവും അക്രമവും പിടിച്ചുപറിയും ബലാത്സംഗവും തുടങ്ങി എത്ര കൊടിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടാന്‍ മടിയില്ലാത്ത ഇത്തരക്കാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളിലും വാടകവീടുകളിലുമായി താമസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മാവുങ്കാലിനടുത്ത് ഏച്ചിക്കാനം കല്യാണ്‍ റോഡില്‍ ക്രഷര്‍ മാനേജരെ ഇതര സംസ്ഥാനക്കാരായ സംഘം തോക്ക് ചൂണ്ടി അക്രമിച്ച ശേഷം 10 ലക്ഷത്തിലേറെ രൂപ കൊള്ളയടിച്ചത്. കവര്‍ച്ചക്കാരെ അഞ്ചുമണിക്കൂര്‍ കൊണ്ട് പിടികൂടാന്‍ പൊലീസിന് സാധിച്ചത് ഏറെ ആശ്വാസകരമായി. ബിഹാര്‍ സ്വദേശികളായ മൂന്നുപേരും ഒരു അസം സ്വദേശിയുമാണ് അറസ്റ്റിലായത്. അതേസമയം ഈ നാലുപേര്‍ പിടിയിലായതുകൊണ്ടുമാത്രം ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞുപോകുന്നില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി ഇതര സംസംസ്ഥാനക്കാരും ബംഗ്ലാദേശികളും ജില്ലയില്‍ താമസിക്കുന്നതിനാല്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് മതിയായ രേഖകളും ഇല്ലാതെ നിരവധി ഇതര സംസ്ഥാനക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലും വീടുകളിലുമായി താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വാടകക്ക് താമസിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ കിട്ടുന്ന പണത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റ് കാര്യങ്ങളൊന്നും വിഷയമാകുന്നില്ല. കാഞ്ഞങ്ങാട്ടെ തീരദേശത്തെ ക്വാര്‍ട്ടേഴ്‌സില്‍ അഞ്ച് വര്‍ഷക്കാലമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിലായത് കഴിഞ്ഞയാഴ്ചയാണ്. കൃത്യമായ രേഖ ഇല്ലാതിരുന്നിട്ടും ഇയാള്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. തീവ്രവാദ ബന്ധമുള്ള ബംഗ്ലാദേശ് സ്വദേശി കാഞ്ഞങ്ങാട്ട് പിടിയിലായത് കഴിഞ്ഞ ഡിസംബറിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് ഭര്‍തൃമതിയായ ജിഷയെ ഒഡീഷ സ്വദേശിയായ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ഇവിടെ വീട്ടുവേല ചെയ്തിരുന്ന ഒഡീഷ സ്വദേശി കവര്‍ച്ച ലക്ഷ്യമിട്ടായിരുന്ന ു കൊല നടത്തിയതെന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ഈ കൊലപാതകത്തിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ടെന്നും സംശയമുയര്‍ന്നെങ്കിലും ഇതേക്കുറിച്ച് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജില്ലയില്‍ രേഖകളില്ലാതെ താമസിക്കുന്ന ഇതര സംസ്ഥാനക്കാര്‍ക്കെതിരെ ആ സമയത്ത് നടപടികളാരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കഴിഞ്ഞ ദിവസം കല്യാണ്‍ റോഡില്‍ നടന്ന കൊള്ളയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് രേഖകളും ഹാജരാക്കാന്‍ ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നടപടികളുണ്ടാകണം. കാരണം ഇത് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ വിഷയമാണ്.