കോടതി വിധിയും സാമൂഹിക പ്രതികരണങ്ങളും

നടിയെ ആക്രമിച്ച കേസിലെ കോടതിവിധി സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോള്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിടുകയും ചെയ്തു. ഗൂഢാലോചനാകുറ്റം ചുമത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെങ്കിലും കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയാതിരുന്നതിനാലാണ് വെറുതെവിട്ടത്. എന്നാല്‍ ഈ വിധി സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശിക്കപ്പെടുകയും വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വിമര്‍ശനങ്ങള്‍ അതിരുകടക്കുകയും ചെയ്തു. ഏത് കേസിലായാലും പ്രതികളെ ശിക്ഷിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ വേണമെന്നും അതുകൊണ്ടുതന്നെ കോടതിവിധിയെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമുള്ള മറുവാദങ്ങളുമുണ്ടായി.
നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ കോടതി വിധിച്ചതിനെ ചൊല്ലിയും സമൂഹിമാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങളുണ്ടായി. പ്രതികള്‍ വിചാരണ കാലയളവ് കുറച്ചുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി 13 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചുമാണ് കോടതിവിധി പ്രസ്താവിച്ചത്.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. 1500 പേജുകളുള്ളതാണ് വിധി. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ആറ് പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. സമൂഹത്തിന് മുഴുവന്‍ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി. അജകുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പ്രതികള്‍ ഏഴര വര്‍ഷം തടവുശിക്ഷ അനുഭവിച്ചതിനാല്‍ ഇളവ് വേണമെന്നായിരുന്നു പ്രതിഭാഗം വാദം. ഒന്നാംപ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും രണ്ടാം പ്രതി മാര്‍ട്ടിനടക്കമുളളവര്‍ ആറര വര്‍ഷവും തടവിലായിരുന്നു. ഇത് പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
2017 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച ക്രൂരമായ പീഡനം നടന്നത്. ഷൂട്ടിംഗ് ആവശ്യാര്‍ത്ഥം തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ അത്താണിയില്‍ വെച്ച് പള്‍സര്‍ സുനിയുള്‍പ്പടെയുള്ള സംഘം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വാഹനത്തില്‍ വെച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന്, അധികം വൈകാതെ തന്നെ ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ പൊലീസ് പിടിയിലായി. ജൂലായില്‍ നടന്‍ ദിലീപിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എന്നാല്‍ ദിലീപിനെ കോടതി വെറുതെ വിടുകയും മുഖ്യപ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കുകയും ചെയ്തതോടെ അതിജീവിതക്ക് നീതി ലഭിച്ചില്ലെന്ന വിലയിരുത്തലുണ്ടായി. കോടതിവിധി സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചാകണമെന്ന് വാശി പിടിക്കാന്‍ കഴിയില്ല. അവിടെ പ്രധാനം തെളിവുകളാണ്. അതിജീവിതക്ക് നീതി നിഷേധിക്കപ്പെടരുത്. അത് കിട്ടുന്നത് വരെ നിയമപോരാട്ടം തുടരണം.

