വിപണിയില്‍ വ്യാജമരുന്നുകള്‍

സംസ്ഥാനത്ത് മനുഷ്യജീവന് തന്നെ അപകടകരമാകുന്ന വ്യാജമരുന്നുകളുടെ വില്‍പ്പന സജീവമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനിടെ കേരളത്തെ അഞ്ച് ജില്ലകളില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 5.2 കോടി രൂപ വിലവരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളാണ്. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതും വിലയുള്ളതുമായ ഉല്‍പ്പന്നം ഏതോ അതിന്റെ വ്യാജന്‍ വിപണിയില്‍ എത്തിയിരിക്കും എന്നത് ഉറപ്പാണ്. ഇപ്പോള്‍ ഓരോ ദിവസവും വില കുതിച്ചുകയറുന്ന വെളിച്ചെണ്ണ തന്നെ ഉദാഹരണം.

ആഹാരസാധനങ്ങളെന്നപോലെ മരുന്നുകളിലും വ്യാജന്മാര്‍ പിടിമുറുക്കിയിരിക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ.് കഴിഞ്ഞദിവസം ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ വന്‍തോതിലാണ് വ്യാജമരുന്നുകള്‍ പിടിച്ചെടുത്തത്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ജി.എസ്.കെ., ആല്‍കെം തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ പേരിലുള്ളവയായിരുന്നു ഇതില്‍ ഒട്ടുമുക്കാലും. ലബോറട്ടറി പരിശോധനയില്‍ മരുന്നുകള്‍ വ്യാജമാണെന്ന് മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും ആരോഗ്യത്തിനെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കണ്ടെത്തി. പിടികൂടിയ ഗ്യാംഗിന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

പുറത്തുവന്നത് രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു സംഘത്തിന്റെ ചെറിയ കണ്ണികള്‍ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.

താഴ്ന്ന, ഇടത്തരം രാജ്യങ്ങളില്‍ വില്‍ക്കുന്ന മരുന്നുകളില്‍ ഏകദേശം പത്തുമുതല്‍ നാല്‍പ്പത് ശതമാനം വരെ വ്യാജമാണെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. എന്നാലിപ്പോള്‍ അതിനെക്കാള്‍ ഏറിയിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത് വെറും ഒരു ശതമാനം മാത്രമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്ന മരുന്നുകളില്‍ വ്യാജന്മാര്‍ കയറാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മറ്റും ഒഴിവാക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും എക്‌സ്പയറി ഡേറ്റ് (ഉപയോഗിക്കാവുന്ന കാലാവധി) തിരുത്തി എത്താറുണ്ടെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കിട്ടുന്ന മരുന്നുകള്‍ ഒറിജിനലാണോ എന്ന് നോക്കാന്‍ ചില വഴികള്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ലെന്നും ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ നൂറുശതമാനം തിരിച്ചറിയാനാവൂവെന്നും ചൂണ്ടിക്കാണിക്കുന്നു. മരുന്നുകളുടെ ലേബലുകള്‍ ശ്രദ്ധിച്ചുവായിച്ചുനോക്കുക. വ്യാജമരുന്നുകളാണെങ്കില്‍ അതില്‍ ഉല്‍പന്നത്തിന്റെ പേര്, നിര്‍മ്മാതാവിന്റെ പേര്, ചേരുവകള്‍ എന്നിവയില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. അങ്ങനെ തെറ്റുകണ്ടാല്‍ മരുന്ന് വ്യാജമാണെന്ന് ഉറപ്പിക്കാം.

മരുന്നുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങുന്നവര്‍ ഏറെയാണ്. ഇത്തരക്കാര്‍ പറ്റിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. പ്രമുഖ മരുന്നുകമ്പനികളെന്ന് തോന്നിപ്പിക്കുന്ന നിരവധി വ്യാജ സൈറ്റുകളുണ്ട്. ഇത്തരം സൈറ്റുകളില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ വ്യാജമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത കാണിക്കണം. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it