തുടരുന്ന വന്യമൃഗശല്യം

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണ്. ആദൂര്‍, ബദിയടുക്ക, ബേഡകം, രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് വന്യമൃഗശല്യം മൂലം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നത്.

കാട്ടാനകള്‍ അതിര്‍ത്തിയിലെയും മലയോരപ്രദേശങ്ങളിലെയും ജനജീവിതത്തിന് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇതിനിടയില്‍ പല ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടാകുന്നു. വന്യമൃഗം ശല്യം എങ്ങനെ തടയുമെന്നറിയാത്ത വനംവകുപ്പും നിസഹായതയിലാണ്.

രാജപുരം ഭാഗത്ത് മലയോര മേഖലയില്‍ പെരുകുന്ന വന്യമൃഗ ശല്യത്തിനെതിരെ വനംവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. കാട്ടാനശല്യമാണ് കര്‍ഷകരെ ഏറെ വലയ്ക്കുന്നത്. ജനകീയ ആക്ഷന്‍ കമ്മിറ്റി പലകുറി പരാതിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയിട്ടും ഫലമില്ലാതെ വന്നതോടെ കര്‍ഷകര്‍ സമരരംഗത്തിറങ്ങിയിരുന്നു. എന്നാല്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ വനംവകുപ്പധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

രാജപുരം, മുളിയാര്‍, കാറഡുക്ക അടക്കമുള്ള പ്രദേശങ്ങളിലെ നിരവധി കര്‍ഷകരാണ് വന്യമൃഗശല്യത്തില്‍ വലയുന്നത്. നിനച്ചിരിക്കാതെ കാടിറങ്ങിയെത്തുന്ന മൃഗങ്ങള്‍ കൃഷി പൂര്‍ണമായി നശിപ്പിച്ചാണ് പലപ്പോഴും മടങ്ങുന്നത്.

കേരളത്തിലേതുപോലെ കാസര്‍കോടിനോട് ചേര്‍ന്നുള്ള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലും വന്യമൃഗശല്യം രൂക്ഷം. കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, പുത്തൂര്‍, കടബ താലൂക്കുകളിലും ഉഡുപ്പി ജില്ലയിലും പലപ്പോഴും വന്യമൃഗ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കടബ താലൂക്കിലെ റെഞ്ചിലാടിക്ക് സമീപം രണ്ട് വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങളായ മണ്ടെക്കോല്‍, അജ്ജാവര, ആലട്ടി തുടങ്ങി സുള്ള്യ, പൂത്തൂര്‍, കടബ താലൂക്കുകളിലെ വിവിധ ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി കാട്ടാനകള്‍ നാശം വിതയ്ക്കുന്നു. കര്‍ണാടക വനം വകുപ്പും സര്‍ക്കാരും വിവിധ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ആനകളുടെ ആക്രമണം തടയാന്‍ ഇത് പര്യാപ്തമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും പുലികളുടെയും ശല്യം കാരണം ഇത്തരം പ്രദേശങ്ങളില്‍ നിന്നും നാടുവിട്ടുപോകേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് പലരും അതിന് മുതിരാത്തത്. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് വേറെ മാര്‍ഗമുണ്ടാകാത്ത സാഹചര്യമുണ്ടാകും. വന്യമൃഗശല്യത്തില്‍ നിന്നും മലയോര ജനതയെ രക്ഷപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it