രാത്രിയില്‍ വേണം കര്‍ശന പരിശോധന

രാത്രികാലങ്ങളില്‍ കര്‍ശനമായ വാഹനപരിശോധനയില്ലാത്തത് മൂലമുള്ള അപകടങ്ങളും അപകട മരണങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പകല്‍നേരങ്ങളിലാണ് കൂടുതല്‍ അപകടങ്ങളുമുണ്ടാകുന്നത്. കാരണം നിരത്തില്‍ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും ഏറെയുമുണ്ടാകുന്നത് പകല്‍നേരത്താണ്. അതുകൊണ്ടുതന്നെ എതിരെ വരുന്ന വാഹനങ്ങള്‍ തമ്മിലുള്ള അപകടങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പകല്‍നേരത്താണ് കൂടുതലായും സംഭവിക്കാറുള്ളത്. അതുകൊണ്ട് രാത്രികാലത്ത് വേണ്ടത്ര ശ്രദ്ധ ആവശ്യമില്ലെന്ന സമീപനമാണ് അധികൃതര്‍ക്ക്. അതിന്റെ ഫലമായി രാത്രിയിലും അപകടങ്ങള്‍ കൂടുകയാണ്. രാത്രികാലങ്ങളില്‍ നിരത്തുകളില്‍ വാഹനങ്ങള്‍ കുറവായിരിക്കും. രാത്രി വൈകി വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ ഏറെയും മദ്യലഹരിയിലായിരിക്കുമെന്നത് വസ്തുതയാണ്. പ്രത്യേകിച്ചും ദീര്‍ഘദൂര ലോറികള്‍ ഓടിക്കുന്നവര്‍. കഴിഞ്ഞ ദിവസം തൃശൂര്‍ നാട്ടികയില്‍ ഗതാഗതം നിരോധിച്ച് തടസങ്ങള്‍ വെച്ച റോഡില്‍ ഉറങ്ങുകയായിരുന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ചതഞ്ഞരഞ്ഞ് മരിച്ചത് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള അഞ്ച് മനുഷ്യജീവനുകളാണ്. മദ്യലഹരിയില്‍ ലോറി ഓടിച്ചതുകൊണ്ടാണ് ഇത്രയും ദാരുണമായ ദുരന്തം സംഭവിച്ചത്. ലോറി ഡ്രൈവറും ക്ലീനറും അമിത മദ്യലഹരിയിലായിരുന്നു. ഡ്രൈവര്‍ക്ക് ലോറി ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതോടെ ക്ലീനറാണ് തുടര്‍ന്ന് ഓടിച്ചത്. നാട്ടിക എത്തിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് 14 നാടോടികള്‍ ഉറങ്ങുകയായിരുന്ന ഭാഗത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. പാലക്കാട് ഭാഗത്ത് പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പണി തേടി നാട്ടിലെത്തിയതായിരുന്നു. ഇതിനിടയിലാണ് ഗതാഗതം നിരോധിച്ച റോഡില്‍ ഇവര്‍ കിടന്നുറങ്ങിയത്. കണ്ണൂരില്‍ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ലോറി. മാഹിയിലെത്തിയപ്പോള്‍ ഇവര്‍ ലോറി നിര്‍ത്തി അമിതമായി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ലോറിയോടിച്ച് ഏറെ ദൂരം പിന്നിട്ടപ്പോഴും എവിടെയും ഒരു പരിശോധനയുമുണ്ടായില്ലെന്നതാണ് അത്ഭുതകരം. ഇതിനുമുമ്പും സമാനമായ എത്രയോ അപകടങ്ങളുണ്ടായിട്ടുണ്ട്. കൂട്ട അപകടമരണങ്ങള്‍ രാത്രിയിലും പുലര്‍ച്ചെയുമാണ് കൂടുതലും ഉണ്ടാകാറുള്ളത്. എന്നിട്ടുപോലും സംസ്ഥാനത്തെ പ്രധാന നിരത്തുകളില്‍ പോലും പരിശോധനയുണ്ടാകുന്നില്ല. ഇത് മദ്യവും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനങ്ങളോടിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു. പകല്‍പോലെ തന്നെ രാത്രിയിലും ജനങ്ങളുടെ സുരക്ഷ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വമാണ്. നാടോടികളായാല്‍ പോലും അവരുടെ ജീവനും വിലയുണ്ട്. അന്തിയുറങ്ങാന്‍ സുരക്ഷിതമായ ഇടമില്ലാത്തതുമൂലം റോഡരികുകളിലും കടവരാന്തകളിലും കിടക്കേണ്ടിവരുന്നവരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം. രാത്രികളില്‍ അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും ഇങ്ങനെയുള്ള ആളുകളാണ്. രാത്രിയില്‍ മദ്യപിച്ച് വാഹനങ്ങളോടിക്കുന്നത് തടയാനും കര്‍ശന നടപടികളുണ്ടാകണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it