EDITORIAL I കേന്ദ്ര സര്‍വകലാശാലയും പഴകിയ ഭക്ഷണവും

പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണാത്തത് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കേന്ദ്ര സര്‍വകലാശാല. ഇവിടത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പരാതികള്‍ ഒഴിയാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി കേന്ദ്ര സര്‍വകലാശാലയിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണം അങ്ങേയറ്റം പഴകിയതായിരുന്നു. ഉച്ചക്ക് തയ്യാറാക്കിയ ഭക്ഷണമാണ് രാത്രി നല്‍കിയത്. ഈ ഭക്ഷണം കഴിക്കാന്‍ പോയിട്ട് വായില്‍വെക്കാന്‍ പോലും പറ്റാത്തതായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നല്ല ഭക്ഷണമില്ലാത്തതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും രാത്രി പട്ടിണി കിടക്കേണ്ടിവന്നുവെന്നാണ് പറയുന്നത്. മോശം ഭക്ഷണം നല്‍കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പാത്രങ്ങളുമായി റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിന് മുമ്പും കേന്ദ്ര സര്‍വകലാശാലയിലെ ഭക്ഷണവിതരണം സംബന്ധിച്ച് പരാതികളുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ വരെ കണ്ടെത്തിയിരുന്നു. ഇതോടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനിറങ്ങിയിരുന്നു. പാചകം ചെയ്തിരുന്ന ആളെ മാറ്റിയതിന് ശേഷവും ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ രുചിയും ഗുണവുമുള്ള ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന തരത്തിലുള്ള സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം കൂടിയാണിത്. കേന്ദ്രസര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാതിരുന്നതിന്റെ പേരില്‍ ഇതിന് മുമ്പ് ഇവിടെ സമരം നടന്നിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിലുള്ള അനാസ്ഥ നിര്‍ബാധം തുടരുകയാണ്. നന്നായി പഠിക്കാനുള്ള സാഹചര്യം മാത്രമുള്ളതുകൊണ്ട് കാര്യമില്ല. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കിക്കൊടുക്കേണ്ടതും ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വം തന്നെയാണ്. അതില്‍ വീഴ്ച സംഭവിച്ചാല്‍ പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുക. ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമൊക്കെ സൗകര്യമുണ്ടെങ്കില്‍ മാത്രമേ ഏത് ഇടങ്ങളിലും ആര്‍ക്കും തുടരാനാകൂ. അതുകൊണ്ട് അധികൃതര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it