ആള്‍ക്കൂട്ടം നിറയുന്ന പരിപാടികളില്‍ ജാഗ്രത വേണം

നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 38 പേര്‍ മരണപ്പെട്ട സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. ആയിരക്കണക്കിന് അനുയായികള്‍ പങ്കെടുത്ത റാലിയില്‍ ജനക്കൂട്ടം സ്റ്റേജിലേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായിരുന്നത്. നിലത്തുവീണവരെ ചവിട്ടിമെതിച്ചുകൊണ്ടാണ് ആളുകള്‍ കടന്നുപോയത്. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് അന്ന് കുട്ടികളടക്കം മരിച്ചത്. യാതൊരു മുന്‍കരുതലും സുരക്ഷയും ജാഗ്രതയുമില്ലാതെ പരിപാടി നടത്തിയതിനാലാണ് ഈ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍, അതും കാസര്‍കോട് ജില്ലയില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും വലിയൊരു ദുരന്തത്തിലേക്കെത്തേണ്ടതായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് വഴിമാറിപ്പോയി. റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തി വെക്കുകയായിരുന്നു. പരിപാടി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് തിരികെ പോകുകയായിരുന്ന ഒരാള്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിക്കുകയും ചെയ്തു. പൊയിനാച്ചി സ്വദേശി ശിവാനന്ദ് എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വേടന്റെ സംഗീത പരിപാടികളില്‍ പൊതുവെ വലിയ ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ഇത്തവണ പുതുവത്സര ദിനം അടുത്തതിന്റെ കൂടി ആഘോഷത്തില്‍ വലിയ ആള്‍ക്കൂട്ടമെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസിനോ, വളണ്ടിയര്‍മാര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാര്യങ്ങളെത്തി. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. ചിലര്‍ ബോധരഹിതരാകുകയും ചെയ്തു. പ്രശ്‌നം ഗുരുതരമാകുന്നു എന്ന് കണ്ടതോടെ പരിപാടി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരിപാടി നിര്‍ത്തിവെച്ചതോടെ ആളുകള്‍ പിരിഞ്ഞുപോയി. ഇതിനിടയിലാണ് ഒരു യുവാവിന് ജീവന്‍ നഷ്ടമായത്.
കലാപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന വന്‍ തിരക്കുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂട്ട മരണങ്ങള്‍ സംഭവിക്കാറുണ്ട്. ആള്‍ക്കൂട്ടം നിറയുന്ന പരിപാടികളില്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. വിശാലമായ സ്ഥലത്ത് വേണം പരിപാടികള്‍ നടത്താന്‍. എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള സാഹചര്യവും മുന്‍കരുതലും ഉണ്ടാകണം. ശ്രദ്ധ പാളിയാല്‍ അത് ദുരന്തത്തിലേക്ക് വഴിതെളിക്കുമെന്ന് തിരിച്ചറിയണം.

