തുലാമഴയില്‍ ജാഗ്രത വേണം

മലയാളമാസം തുലാമിലെ മഴയില്‍ ജനങ്ങള്‍ ഏറെ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ടത് അനുവാര്യമാണ്. തുലാവര്‍ഷമഴ ഏറെ നാശം വിതക്കാറുണ്ട്. ശക്തിയായ ഇടിമിന്നലോടെയാണ് ഈ മാസം മഴ പെയ്യാറുള്ളത്. ഇടിമിന്നലേറ്റുള്ള മരണങ്ങളും കൂടുതലാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിനൊപ്പം തന്നെ അറബിക്കടലില്‍ ഉയര്‍ന്ന ലെവലില്‍ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതും അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയും കേരളത്തിന് മഴ ഭീഷണിയാണ്. കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാല് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോട് ജില്ലയിലടക്കം ഇടിമിന്നല്‍ മൂലമുള്ള മരണസംഖ്യ വര്‍ധിക്കുകയാണ്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കേണ്ടതാണ്. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിന് പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളിലാണങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് തിരിച്ചറിയണം.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ മുന്‍കരുതലൊക്കെ അനിവാര്യമാണ്.