കശുവണ്ടിക്ക് ന്യായവില വേണം

കശുവണ്ടി കര്‍ഷകര്‍ ഇത്തവണയും നിരാശയിലാണ്. കശുവണ്ടിക്ക് കിലോക്ക് വെറും 110 രൂപ മാത്രമാണ് തറവില. കഴിഞ്ഞ വര്‍ഷം 114 രൂപയെങ്കിലുമുണ്ടായിരുന്നു. ഇത്തവണ അതിനേക്കാള്‍ വര്‍ധനവുണ്ടാകുമെന്ന് കരുതിയെങ്കിലും നാല് രൂപ കുറച്ചാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും കുറഞ്ഞ തറവില കര്‍ഷകരിലുണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. വിപണിയില്‍ ഇപ്പോള്‍ കശുവണ്ടിക്ക് 145 രൂപ വരെ ലഭിക്കുന്നുണ്ട്. 150 രൂപയെങ്കിലും തറവില പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കുണ്ടായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള കശുവണ്ടി കഴിഞ്ഞ വര്‍ഷം സംഭരിച്ചിരുന്നത് 130 രൂപയ്ക്കായിരുന്നു. സ്വകാര്യ സംരംഭകരും സഹകരണസംഘങ്ങളും സംഭരിക്കുന്ന കശുവണ്ടി ഇ-ടെണ്ടര്‍ വഴി ഏറ്റെടുക്കാനാണ് തീരുമാനിച്ചതെന്നാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി. പറയുന്നത്. മുന്‍കാലങ്ങളില്‍ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടാണ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സംഭരിച്ചിരുന്നത്. സംഭരിച്ച കശുവണ്ടി യഥാസമയം സംഘങ്ങളില്‍ നിന്ന് ഏറ്റെടുക്കാന്‍ കഴിയാത്തത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് മുന്‍കൂറായി പണം അനുവദിക്കുന്നതിലും വീഴ്ച സംഭവിക്കുകയാണ്. കശുവണ്ടിപ്പരിപ്പും അനുബന്ധ ഉല്‍പ്പന്നങ്ങളും വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ വലിയ വിലയാണ് ഈടാക്കുന്നത്. എന്നാല്‍ കശുവണ്ടി വില്‍ക്കുമ്പോള്‍ ന്യായവില കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതച്ചിലവുകള്‍ വര്‍ധിച്ചിട്ടും തുച്ഛമായ വില മാത്രം കര്‍ഷകര്‍ക്ക് കിട്ടുന്ന സ്ഥിതി വലിയ അനീതി തന്നെയാണ്. കശുവണ്ടി ഉല്‍പ്പാദനം മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞുവരികയാണ്. കാസര്‍കോട് ജില്ല മുമ്പൊക്കെ കശുവണ്ടി ഉല്‍പ്പാദനത്തില്‍ മുന്നിലായിരുന്നു. ന്യായമായ വില കിട്ടാത്തതിനാല്‍ പല കര്‍ഷകരും കശുമാവ് കൃഷിയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. അവശേഷിച്ച കശുമാവുകളാകട്ടെ രോഗബാധ മൂലം ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവിന്‍ തൈകള്‍ കൃഷിഭവനുകളും മറ്റും മുഖേന കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ കൃഷിയെ നല്ലൊരു വരുമാനമാര്‍ഗമാക്കി മാറ്റാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. ജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല കശുവണ്ടി ഫാക്ടറികളും അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായി. സമരങ്ങള്‍ മാത്രമല്ല ഫാക്ടറികള്‍ പൂട്ടാന്‍ കാരണം. കശുണ്ടി ഉല്‍പ്പാദനത്തില്‍ വന്ന ഗണ്യമായ ഇടിവും ഒരു കാരണമാണ്. കേരളത്തെ അപേക്ഷിച്ച് കര്‍ണ്ണാടകയിലെ കശുവണ്ടി മേഖല കൂടുതല്‍ മെച്ചപ്പെട്ടതാണ്. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ കര്‍ണ്ണാടകയില്‍ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നു. കേരളത്തിലും കശുവണ്ടി വ്യവസായമേഖലയെ ശക്തിപ്പെടുത്താനും ന്യായവില നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it