പൊതുസ്ഥലങ്ങളില്‍ എരിയുന്ന കഞ്ചാവ് ബീഡികള്‍

കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് ബീഡി വലിച്ച് പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടിയിലാകുന്നവരെക്കുറിച്ച് എല്ലാ ദിവസവും വാര്‍ത്തകളുണ്ടാകുന്നു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നവര്‍ മാത്രമാണ് പിടിയിലാകുന്നത്. ആരുമറിയാതെ കഞ്ചാവ് ബീഡി വലിക്കുന്നവരുടെ എണ്ണം പതിന്മടങ്ങായിരിക്കും. നഗരഭാഗങ്ങളിലുള്ള പൊതുസ്ഥലങ്ങളില്‍ ഇത്തരം ബീഡികളും സിഗരറ്റുകളും വലിക്കുന്നവര്‍ മാത്രമാണ് പിടിയിലാകുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് ബീഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ്. ഈ സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കഞ്ചാവ് ബീഡി വലിക്കാരുള്ളതെന്ന് കേസുകളുടെ എണ്ണത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നു. കാസര്‍കോട്ടേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടി മാര്‍ഗവും മറ്റും വന്‍തോതിലാണ് കഞ്ചാവെത്തുന്നത്. ഇതിന്റെ വിതരണക്കാരും ഏറെയാണ്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സിഗരറ്റിലും ബീഡിയിലും കഞ്ചാവ് പൊടികള്‍ നിറച്ച് വലിക്കുക എളുപ്പമാണ്. പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നവര്‍ കരുതുന്നത് തങ്ങള്‍ പിടിക്കപ്പെടില്ലെന്നാണ്. സാധാരണ ബീഡിയോ സിഗരറ്റോ വലിക്കുന്നതാണെന്ന് ആളുകള്‍ കരുതുമെന്നാണ് പരസ്യമായി കഞ്ചാവ് ബീഡി വലിക്കുന്നവര്‍ കരുതുന്നത്. ബീഡിയോ സിഗരറ്റോ വലിക്കുന്നത് കണ്ടാല്‍ പൊതുവായി ആര്‍ക്കും അസ്വാഭാവികതയൊന്നും തോന്നാറില്ല. അതുകൊണ്ടുതന്നെ ബീഡി വലിക്കുന്നവരെയെല്ലാം പിടികൂടാന്‍ നിയമപാലകര്‍ക്ക് സാധിക്കാറില്ല. സംശയം തോന്നുന്നവരെ പിടികൂടി പരിശോധിക്കുമ്പോഴാണ് വലിച്ചത് കഞ്ചാവ് ബീഡിയാണെന്ന് മനസിലാകുന്നത്. എന്നാല്‍ വലിക്കുന്നത് സാധാരണ ബീഡിയായിരിക്കുമെന്ന് കരുതി പിടികൂടപ്പെടാതെ പോകുന്നവരുമുണ്ട്.
കഞ്ചാവ് നിറച്ച ബീഡിയും സിഗരറ്റും വലിക്കുന്നവരില്‍ മുതിര്‍ന്നവരും യുവതീയുവാക്കളും മാത്രമല്ല കുട്ടികള്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ ഇത് വലിയൊരു സാമൂഹ്യപ്രശ്‌നമായി മാറുകയാണ്. പിടിയിലാകുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുന്നു. പിടിയിലാകുന്നത് പ്രായപൂര്‍ത്തിയാകുന്നവരാണെങ്കില്‍ തന്നെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് ചെയ്യുന്നത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ശേഷം കഞ്ചാവ് ബീഡിവലി തുടരുകയും ചെയ്യുന്നു. ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ മറവിലും ഇടവഴികളിലും കുറ്റിക്കാടുകളുടെ മറവുകളിലുമൊക്കെ കഞ്ചാവ് ബീഡി വലിക്കുന്നവര്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. ദിവസവും ഇതിന്റെ ഉപയോഗം മാനസികനില തന്നെ തകരാറിലാക്കുന്നു. സ്ഥിരമായ കഞ്ചാവ് ഉപയോഗം വ്യക്തികളെ കുറ്റകൃത്യങ്ങളിലേക്കും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേക്കും നയിക്കും. കഞ്ചാവിന്റെയും കഞ്ചാവ് ബീഡികളുടെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എല്ലാ ഭാഗങ്ങളിലും നിരീക്ഷണങ്ങളും നടപടികളും ഉണ്ടാകേണ്ടത് അനിവാര്യമാണ്.