എയിംസ് കാസര്‍കോടിന് തന്നെ വേണം

കേന്ദ്രം കേരളത്തിനനുവദിച്ച എയിംസ് എവിടെ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കങ്ങളും ചര്‍ച്ചകളും മുറുകുകയാണ്. എയിംസ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പിടിവാശി ബി.ജെ.പിക്കകത്ത് പോലും കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയിരിക്കുന്നത്. ആലപ്പുഴക്ക് എയിംസ് അനുവദിച്ചില്ലെങ്കില്‍ തൃശൂരിന് അത് നല്‍കണമെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ്‌ഗോപിയുടെ ഇത്തരമൊരു നിലപാട് സംസ്ഥാന സര്‍ക്കാറിനോടും കേരള ജനതയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. എയിംസ് കേരളത്തില്‍ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. എയിംസിന് വേണ്ടിയുള്ള സ്ഥലം നല്‍കേണ്ടതും സര്‍ക്കാര്‍ തന്നെ. കേന്ദ്രമന്ത്രിയാണെന്ന് കരുതി കേന്ദ്രപദ്ധതികള്‍ താന്‍ നിശ്ചയിക്കുന്ന സ്ഥലത്ത് വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം സുരേഷ് ഗോപിക്കില്ല. എയിംസ് ഏത് ജില്ലക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് എന്നതിനനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. കേരളത്തില്‍ ആരോഗ്യരംഗത്ത് ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്നത് കാസര്‍കോട് ജില്ലയാണ്. പേരിന് ഒരു മെഡിക്കല്‍ കോളേജുണ്ടെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആസ്പത്രികള്‍ ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയാണ് കാസര്‍കോട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്യപ്പെടാത്ത, ആവശ്യമായ ചികിത്സാ സൗകര്യം ഇല്ലാത്ത മെഡിക്കല്‍ കോളേജിനെ കൊണ്ട് വിദഗ്ധ ചികിത്സ ലഭ്യമാകേണ്ടവര്‍ക്ക് യാതൊരു പ്രയോജനവുമില്ല. വിദഗ്ധ ചികിത്സ വേണമെങ്കില്‍ മംഗളൂരുവിലെ ആസ്പത്രികളെയോ കണ്ണൂരിലേയോ കോഴിക്കോട്ടെയോ മെഡിക്കല്‍ കോളേജിനെയോ ആശ്രയിക്കേണ്ടിവരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലക്ക് തന്നെയാണ് എയിംസ് ആവശ്യമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കോഴിക്കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പ്പര്യം. സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന എയിംസിന്റെ നിര്‍ദ്ദിഷ്ട ജില്ലയായ കോഴിക്കോട് പത്തിലധികം മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികളുണ്ട്.
കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും പ്രസ്തുത ജില്ലയിലാണ്. എന്നിട്ടും കേരളത്തില്‍ പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസര്‍കോടിനെ അവഗണിച്ച് കേരളത്തിലെ ഏറ്റവും വികസിത ജില്ലകളില്‍ ഒന്നായ കോഴിക്കോടിന് എയിംസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും എതിര്‍ക്കപ്പെടണം. എയിംസ് കാസര്‍കോട് ജില്ലക്ക് ലഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഇവിടത്തെ പൊതുസമൂഹവും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തണം.