ഗതാഗത നിയമലംഘനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍

ഗതാഗത നിയമ ലംഘനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമല്ല, ജീവന്‍ പോലും നഷ്ടമാക്കുന്ന വിധത്തിലാണ് അപകടങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ ജില്ലയിലെ പാല ഭാഗങ്ങളിലും ദേശീയപാതവികസനത്തിനൊപ്പം സര്‍വീസ് റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ദേശീയപാത വികസിതമായ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കുന്നതും ദിശ മാറി ഓടിക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. ദേശീയപാതയിലൂടെ അനുവദനീയമായ വേഗത്തിലും കൂടുതലാണ് വാഹനങ്ങള്‍ ഓടുന്നത്. മോട്ടോര്‍ സൈക്കിളുകള്‍ അടക്കമുള്ള ഇരുചക്രവാഹനങ്ങള്‍, സൈക്കിളുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാഹനങ്ങള്‍ ദേശീയപാതയിലൂടെ ഗതാഗതം നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളും ലോറികളും അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ദേശീയപാതയിലൂടെ പോകാന്‍ അനുമതിയുള്ളത്. എന്നാല്‍ സര്‍വീസ് റോഡുകളിലൂടെ പോകേണ്ട ചെറുവാഹനങ്ങള്‍ ദേശീയപാത ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. കഴിഞ്ഞ ദിവസം കുമ്പള പെര്‍വാഡില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണവും ഗതാഗത നിയമലംഘനമാണ്. പെര്‍വാഡിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച ശേഷം സ്‌കൂട്ടര്‍ നേരെ കയറിയത് ദേശീയപാതയിലേക്കാണ്. സര്‍വീസ് റോഡിലൂടെ പോകുന്നതിന് പകരം സ്‌കൂട്ടര്‍ ദേശീയപാതയിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. ദേശീയപാതയിലുടനീളം അപകടസൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചിനങ്ങളില്‍ പെട്ട വാഹനങ്ങളുടെ പ്രവേശനവും കാല്‍നടയാത്രയും ദേശീയപാതയില്‍ നിരോധിച്ചതായി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളും ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ ഈ ബോര്‍ഡുകളെ അവഗണിച്ചുകൊണ്ട് പല വാഹനങ്ങളും നിയമം ലംഘിക്കുകയാണ് ചെയ്യുന്നത്.

തലപ്പാടിക്കും കുമ്പളക്കുമിടയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. തലപ്പാടിയിലുണ്ടായ അപകടങ്ങളില്‍ സമീപകാലത്ത് ജീവന്‍ നഷ്ടമായത് ആറുപേര്‍ക്കാണ്. കുമ്പള മാവിനക്കട്ടയിലും അപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയിലെ ഡിവൈഡറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായത് അടുത്തിടെയാണ്.

വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തടയാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ദേശീയപാതയില്‍ പരിശോധന നടത്തുന്നില്ല. ദേശീയപാതയില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുന്നതായി അറിവില്ല. ഇതൊക്കെ നിയമലംഘനത്തിന് പ്രോത്സാഹനമാകുന്നു. ദേശീയപാത ചിലയിടങ്ങളില്‍ രണ്ടുവരിയാകുന്നതും അപകടത്തിനിടയാക്കുന്നു. നിയമം ലംഘിച്ചുകൊണ്ട് വാഹനങ്ങളോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാലേ ഇത്തരം അപകടങ്ങള്‍ തടയാന്‍ സാധിക്കൂ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it