അപകടങ്ങളുടെ പെരുമഴക്കാലം

കാലവര്‍ഷം കലിതുള്ളുന്നതിനിടയില്‍ റോഡപകടങ്ങളുടെ പെരുമഴക്കാലത്തിന് മുന്നില്‍ വിറങ്ങലിക്കുകയാണ് മനുഷ്യ ജീവിതങ്ങള്‍. രാജ്യത്ത് വാഹനാപകടങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ അധികരിച്ചിരിക്കുകയാണ്.
ദേശീയ-സംസ്ഥാനപാതകള്‍ കുരുതിക്കളങ്ങളായി മാറിക്കഴിഞ്ഞു. ഓരോ മൂന്ന് മിനുട്ടിലും വാഹനാപകടങ്ങളില്‍ ഒരു ജീവന്‍ എന്ന തോതിലാണ് രാജ്യത്ത് പൊലിയുന്നത്. രാജ്യത്തെ അഞ്ച് ശതമാനത്തോളം മാത്രം വരുന്ന ദേശീയ, അതിവേഗ, സംസ്ഥാനപാതകളിലാണ് ഏറ്റവും അധികം അപകടങ്ങളുണ്ടാകുന്നത്. കേരളത്തിലെ ദേശീയ-സംസ്ഥാനപാതകളിലും അപകടങ്ങളുടെ തോത് ഇരട്ടിക്കുകയാണ്. എത്രയെത്ര റോഡപകടങ്ങളാണ് നമ്മുടെ നാട്ടില്‍ ഓരോ ദിവസവും നടക്കുന്നത്. അവയില്‍ കുറേപ്പേരുടെ ജീവന്‍ പൊലിയുന്നു. കുറേപ്പേര്‍ അബോധാവസ്ഥയിലായി മാറുന്നു. നിരവധിപേര്‍ അംഗവൈകല്യമുള്ളവരായിത്തീരുന്നു.
റോഡപകടങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും സംസ്ഥാന ഭരണത്തിന്റെ ഗൗരവമാര്‍ന്ന ചിന്തയ്ക്കും നടപടിക്കും വിഷയമാക്കേണ്ടതുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 50 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പുനല്‍കിയിരുന്നു.
ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഫലപ്രദമാക്കി അപകടങ്ങളും മരണങ്ങളും അംഗഭംഗങ്ങളും കഴിയുന്നത്ര കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പെന്നനിലക്കാണ് ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. റോഡപകടങ്ങളുടെ കണക്കുകള്‍ അവലോകനം ചെയ്ത് ഡി.ജി.പി. തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. വാഹനാപകട കേസുകളുടെ ചുമതല ലോക്കല്‍ പൊലീസിന് കൈമാറി ട്രാഫിക് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമായി നിയോഗിക്കുവാനാണ് തീരുമാനിച്ചിരുന്നത്. അപകടങ്ങളുടെ അന്വേഷണം ലോക്കല്‍ പൊലീസിലേക്ക് മാറുന്നതോടെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും എളുപ്പം കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇതൊന്നും ഫലവത്തായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിലും എത്രയോ അധികം റോഡ് അപകടങ്ങളാണ് ദിനംപ്രതി നമ്മുടെ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെയും അമിതവേഗത്തിലും ലൈസന്‍സില്ലാതെയും ചീറിപ്പായുന്ന വാഹനങ്ങള്‍ മരണത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ അധികവും യുവാക്കളാണ്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെക്കൂടുതലാണ്. രക്ഷിതാക്കളുടെ സജീവ ശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും സ്വന്തമായി ബൈക്ക് വാങ്ങിക്കൊടുത്ത് കറങ്ങാന്‍ വിടുന്ന രക്ഷിതാക്കള്‍ ചെയ്യുന്നത് വലിയ അക്രമം തന്നെയാണ്. അമേരിക്ക, ചൈന, റഷ്യ, നോര്‍വെ, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരധി നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. റോഡിലെ അപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയാന്‍ ലക്ഷ്യമിട്ട് ഒരു പതിറ്റാണ്ടിനിടെ കൊണ്ടുവന്നനിയമങ്ങളിലൂടെ മുപ്പതിലേറെ രാജ്യങ്ങള്‍ക്ക് അന്‍പത് ശതമാനം അപകടത്തില്‍ നിന്ന് മുപ്പത് ശതമാനമാക്കി കുറയ്ക്കാനായി. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രം ഇക്കാര്യത്തില്‍ ക്രൂരമായ നിസംഗത തുടരുകയാണ്.