കഞ്ചാവ് ഉപയോഗവും പ്രത്യാഘാതങ്ങളും

കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമാകുകയാണ്. കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമെല്ലാം കഞ്ചാവിന് അടിമകളാകുന്ന സ്ഥിതിയാണുള്ളത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക ലഹരിക്കടിമപ്പെടുത്തുക എന്നതാണ് കഞ്ചാവ് മാഫിയകളുടെ തന്ത്രം. കളിസ്ഥലങ്ങള്‍, തിയേറ്ററുകള്‍, ഒഴിഞ്ഞ പറമ്പുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളാണ് ഇവരുടെ വിതരണ കേന്ദ്രം. ബുദ്ധി കൂടുമെന്നും പരീക്ഷ നന്നായി എഴുതാന്‍ കഴിയുമെന്നും പൗരുഷം കൂടുമെന്നും മറ്റു വികല ന്യായീകരണങ്ങള്‍ പറഞ്ഞുമാണ് കുട്ടികളെ കഞ്ചാവ് മാഫിയ വലയിലാക്കുന്നത്. അത്തരത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഞ്ചാവിന് കഴിയില്ലെന്ന് മാത്രമല്ല, തലച്ചോറിലെ രാസപദാര്‍ത്ഥമായ നാഡീ പ്രേഷകങ്ങളെ ക്രമരഹിതമാക്കാനേ കഞ്ചാവിന് കഴിയുകയുള്ളൂ. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്നതും ആസക്തി ഉണ്ടാക്കുന്നതുമായ ലഹരി പദാര്‍ത്ഥമാണ് കഞ്ചാവ്. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് മതിഭ്രമം ഉണ്ടാക്കുന്ന ഒന്നാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ തന്നെ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് യഥാര്‍ത്ഥ ലോകത്തെ സാധാരണ കാര്യങ്ങളില്‍ നിന്ന് അകലും. അവര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്യും. താന്‍ പറയുന്നതെല്ലാം സമ്മതിച്ചുതരണമെന്ന നിര്‍ബന്ധ ബുദ്ധി, എല്ലാത്തിനും ന്യായീകരണം, അകാരണമായ ദേഷ്യം, തല്ലുണ്ടാക്കാനുള്ള പ്രവണത, ക്രമം തെറ്റിയുള്ള വിശപ്പ്, പുരികമെഴുതല്‍, കണ്ണെഴുതല്‍, ഒരു കണംകാലില്‍ ചരട് കെട്ടുക, മാനറിസത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, പെട്ടെന്ന് സങ്കടം വരിക, ചിരി നിര്‍ത്താന്‍ കഴിയാതെ വരിക, മൂഡ് മാറിക്കൊണ്ടിരിക്കുക, കഞ്ചാവ് ഉപയോഗിക്കാന്‍ കിട്ടാതെ വന്നാല്‍ വല്ലാതെ അസ്വസ്ഥനാവുക, അതിനുവേണ്ടി എവിടെ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുക, എന്തും മോഷ്ടിക്കുക, ബൈ പോളാര്‍ മനോരോഗത്തിന്റെ ലക്ഷണമായ മാനിയ അഥവാ ഉന്മാദ സ്വഭാവം കാണിക്കുക, താനൊരു സൂപ്പര്‍മാന്‍ ആണെന്ന് സ്വയം തോന്നുക, മറ്റുള്ളവര്‍ നിസാരക്കാരാണെന്നും അവര്‍ക്കൊന്നും തന്നെ മനസിലാവുകയില്ലെന്നും ഉറച്ച് വിശ്വസിക്കുക തുടങ്ങി ജീവിതത്തിന്റെ സാധാരണ അവസ്ഥയില്‍ നിന്നും എന്നെന്നേക്കുമായി അസാധാരണ സ്ഥിതിവിശേഷത്തിലേക്ക് അബ്‌നോര്‍മല്‍ ആയി അധഃപതിക്കാന്‍ മാത്രമേ കഞ്ചാവ് സഹായിക്കുകയുള്ളൂ. കഞ്ചാവ് ഉപയോഗിച്ച് ആരും തന്നെ ജീവിതത്തില്‍ ഒരു വിജയവും നേടിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം കുട്ടികള്‍ തിരിച്ചറിയണം. നിരന്തരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഒരാള്‍ മൂന്നിടങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് എത്തിച്ചേരുമെന്ന് ഉറപ്പാണ്. മാനസിക ആരോഗ്യ കേന്ദ്രം, ജയില്‍, തെരുവ് ഇവയില്‍ ഏതെങ്കിലും ഒന്നിലേക്ക് എത്തിപ്പെടും.

കഞ്ചാവിന്റെ ഉപോല്‍പന്നങ്ങളായ മരിജുവാന, ഹാഷിഷ്, ഹാഷിഷ് ഓയില്‍, ഭാംഗ് തുടങ്ങിയവ എല്ലാം തന്നെ മസ്തിഷ്‌കത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണ്. സാധാരണയായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ നാഡീ പ്രേഷകങ്ങളെ അധികമായി പുറപ്പെടുവിപ്പിക്കുവാന്‍ കഞ്ചാവ് ഉപയോഗം കാരണമായി തീരുന്നു. ഇപ്രകാരം ഡോപോമിന്‍ പോലുള്ള നാഡീ പ്രേഷകങ്ങള്‍ അമിതമാകുന്നത് മാനസിക ശാരീരിക നിലകളെ അവതാളത്തിലാക്കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it