വൈകി വന്ന വിവേകം

പി.എം.ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമോയെന്ന ആശങ്കക്ക് വിരാമമായിരിക്കുകയാണ്. ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള പാഠപുസ്തകങ്ങള്‍ പഠിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. അതിന് ഇട നല്‍കാത്തവിധം വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. പി.എം.ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതോടെ ഈ പ്രശ്‌നം സംബന്ധിച്ച് ഇടതുമുന്നണിയില്‍ മഞ്ഞുരുക്കമുണ്ടായിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ത്തയച്ച കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരായ കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും കത്ത് വൈകുന്നതില്‍ പാര്‍ട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയച്ചത്. ഒടുവില്‍ സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ 29നായിരുന്നു കരാറില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനമെടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധപൂര്‍വ്വം വൈകിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കത്തയക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് സി.പി.ഐ. അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കത്തയച്ചത്. ഇതിനിടെ തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പദ്ധതി മരവിപ്പിക്കാന്‍ കത്തയച്ച സാഹചര്യത്തില്‍ ഇനി ഫണ്ട് ലഭിക്കുമോയെന്ന് വ്യക്തമല്ല. ഫണ്ട് ലഭിച്ചില്ലെങ്കില്‍ പോലും ഇപ്പോഴെടുത്ത തീരുമാനത്തില്‍ നിന്ന് അണുവിട പോലും പിന്മാറാന്‍ പാടില്ല. പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങള്‍ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പി.എം.ശ്രീ സംബന്ധിച്ച് കേരള സര്‍ക്കാര്‍ എടുത്ത നിലപാട് അറിയിച്ചിരുന്നതായി ശിവന്‍കുട്ടി പറഞ്ഞിരുന്നു. രേഖാമൂലമായിരുന്നില്ല അറിയിച്ചതെന്നും വാക്കാല്‍ പറഞ്ഞതാണെന്നുമാണ് അറിയിച്ചത്. പി.എം.ശ്രീയിലെ സര്‍ക്കാര്‍ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
പി.എം.ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് തികച്ചും ഏകപക്ഷീയമാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. മുന്നണിയോഗത്തില്‍ ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നില്ല. പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. സി.പി.ഐ ഈ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയും സി.പി.എമ്മിനെ തിരുത്തിക്കുന്നതില്‍ വിജയിക്കുകയുമായിരുന്നു. വരും നാളിലും ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കണം. പൊതുവികാരത്തിനനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്.

