പൊതുനിരത്തിലെ നിയമലംഘനങ്ങള്‍

റോഡപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. റോഡുകളുടെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിന് പുറമെ പല തരത്തിലുള്ള നിയമലംഘനങ്ങളും പൊതുനിരത്തില്‍ അരങ്ങേറുന്നുണ്ട്. വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങള്‍ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ കാണുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൈലന്‍സറുകള്‍ ഉള്‍പ്പെടെ അനധികൃത മാറ്റങ്ങള്‍ വരുത്തി ഇത്തരക്കാര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നു. ഇത് റോഡുപയോക്താക്കളെ മാത്രമല്ല, വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങളെ മുതല്‍ വയോധികരെ വരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്. 2022ലാണ് ഈ പദ്ധതി കൊണ്ടുവന്നത്. കുറച്ചുനാള്‍ നടപടി കര്‍ശനമാക്കിയെങ്കിലും പിന്നീട് ഇത് നിര്‍ജീവമാകുകയായിരുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സൈലന്‍സ് പ്രകാരം പൊതുജനങ്ങള്‍ക്കും നിരത്തുകളിലെ നിയമലംഘനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ രൂപമാറ്റങ്ങള്‍ വരുത്തുക, നിലവിലെ സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസപ്രകടനവും മത്സരയോട്ടവും നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളുടെ വിളയാട്ടം ഇപ്പോഴും പൊതുനിരത്തുകളില്‍ സജീവമാണ്. അരോചകമായ ഉഗ്രശബ്ദത്തില്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ ഹൃദ്രോഗം അടക്കമുള്ളവര്‍ക്ക് ഇത്തരം വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും പൊതുനിരത്തിലെ അപകടകരമാംവിധമുള്ള അഭ്യാസ പ്രകടനങ്ങള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആയിരക്കണക്കിന് കേസുകളാണ്. ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ വാഹനങ്ങളിലെ തീവ്ര ശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

പൊതുജനങ്ങളുടെ സുരക്ഷിതയാത്രകള്‍ക്കും സൈ്വര ജീവിതത്തിനും വിഘാതമാകുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it