ലോകം നിസ്സംഗത വെടിയണം

ഭൂമിയില്‍ ഏറ്റവും നരകയാതന അനുഭവിക്കുന്ന മനുഷ്യര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ -പലസ്തീന്‍. അത്രക്കും ഭീകരവും ദയനീയവുമാണ് അവിടത്തെ അവസ്ഥ. ഹമാസിനെ നേരിടാനെന്ന പേരില്‍ അവിടെ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ തന്നെയാണ്.
ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്നു. പട്ടിണി മൂലം എല്ലും തോലുമായി മരണത്തിലേക്ക് നീങ്ങുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍ ലോകത്തിന്റെ നൊമ്പരമാണ്. മാസങ്ങളായി സഹായമില്ലാതെ ഗാസയില്‍ പോഷകാഹാരക്കുറവ് ഒരു ദുരന്താവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കുട്ടികളും ഗര്‍ഭിണികളും പ്രായമായവരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ആസ്പത്രികളില്‍ പോഷകാഹാരക്കുറവുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ വിഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും അടിയന്തര പോഷകാഹാര സഹായം, അവശ്യ ഭക്ഷ്യവസ്തുക്കള്‍, അടിസ്ഥാന വൈദ്യ പരിചരണം എന്നിവ നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനെ തടസപ്പെടുത്തുന്ന സമീപനമാണ് ഇസ്രയേല്‍ സ്വീകരിക്കുന്നത്. പോഷകാഹാരക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ആളുകളെ പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരെ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാന്‍ കഴിയാതെയാക്കുന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ പോലും പ്രതിധ്വനിക്കും.
ഉടനടി സുസ്ഥിരമായ മാനുഷിക സഹായമില്ലെങ്കില്‍, ഈ തലമുറയെ മാത്രമല്ല പലസ്തീനിലെ അടുത്ത തലമുറയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിട്ടുമാറാത്ത പോഷകാഹാരക്കുറവ് കുട്ടികളില്‍ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
രണ്ടുവര്‍ഷമായി നീണ്ടുനിന്ന സംഘര്‍ഷം ഗാസയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തു. വൈദ്യുതി, ശുദ്ധജലം, ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് അത്യാവശ്യമായ സേവനങ്ങള്‍ ഉള്‍പ്പെടെ അസ്ഥാനത്താവുകയാണ്. ഈ തടസ്സങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയെ കൂടുതല്‍ ആഴത്തിലാക്കി, മാവ്, പഞ്ചസാര, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമത്തിന് കാരണമായി. പലരെയും അതിജീവിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ ഇല്ലാതെയാക്കി. വഷളാകുന്ന പ്രതിസന്ധി മെഡിക്കല്‍ സൗകര്യങ്ങളെ ശേഷിക്ക് അപ്പുറത്തേക്ക് തള്ളിവിട്ടു.
റഫയിലെ റെഡ് ക്രോസ് സൗകര്യം പോലുള്ള ഫീല്‍ഡ് ആസ്പത്രികള്‍ നിറഞ്ഞൊഴുകുകയാണ്, പോഷകാഹാരക്കുറവ് ചികിത്സകള്‍ക്കൊപ്പം അടിയന്തര കേസുകളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇതിനൊക്കെ പരിഹാരമുണ്ടാകണമെങ്കില്‍ ഇസ്രയേല്‍ പലസ്തീനെതിരായ ആക്രമണം അവസാനിപ്പിക്കണം. നിസംഗത വെടിഞ്ഞ് ലോകരാഷ്ട്രങ്ങള്‍ അടിയന്തിരമായി ഇടപെട്ട് പലസ്തീനെ രക്ഷിക്കണം.